കൊളംബോ: മിസ്സിസ്സ് ശ്രീലങ്ക സൗന്ദര്യ മത്സരത്തിൽ കിരീടാവകാശിയായി പുഷ്പിക ഡി സിൽവയെ തിരഞ്ഞെടുത്തു. കിരീടധാരണവും കഴിഞ്ഞു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. നിലവിലെ മിസ്സിസ്സ് ശ്രീലങ്കയും മിസ്സിസ്സ് വേൾഡ് ജേതാവുമായ കരോലിൻ ജൂറി മിസ്സിസ്സ് ശ്രീലങ്ക പുഷ്പികയിൽ നിന്ന് കിരീടം പിടിച്ചുവാങ്ങി. തൊട്ടടുത്തുനിന്ന ഫസ്റ്റ് റണ്ണറപ്പിന് സമ്മാനിച്ചു.
വിധികർത്താക്കൾ വിജയിയായി പുഷ്പികയെ തിരഞ്ഞെടുത്തതോടെ കിരീടം അണിയിക്കാനായി കരോലിൻ ജൂറിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചു. കിരീടധാരണം കഴിഞ്ഞ് മിസ്സിസ്സ് ശ്രീലങ്കയും ഫസ്റ്റ്, സെക്കൻഡ് റണ്ണറപ്പുമാർക്കൊപ്പം വേദിയോട് നന്ദിഅറിയിച്ചതിന് ശേഷമാണ് സംഭവത്തിന് ട്വിസ്റ്റ് വീണത്.
മത്സരത്തിന്റെ ചട്ടമനുസരിച്ച് വിവാഹമോചിതയായ സ്ത്രീക്ക് മിസ്സിസ്സ് ശ്രീലങ്ക പട്ടം നൽകാൻ കഴിയില്ലെന്നും അതിനാൽ ഫസ്റ്റ് റണ്ണറപ്പായ യുവതിക്ക് കിരീടം നൽകുന്നതായും കരോലിൻ പ്രഖ്യാപിച്ചു. തുടർന്ന് പുഷ്പികയുടെ തലയിലിരുന്ന കിരീടം ബലമായി പിടിച്ചുവാങ്ങി അടുത്തുനിന്ന ഫസ്റ്റ് റണ്ണറപ്പിന്റെ തലയിൽ ചാർത്തി. ഇതോടെ പുഷ്പിക കരഞ്ഞുകൊണ്ട് വേദിവിട്ടു. സദസ്സിലുണ്ടായിരുന്നവർക്ക് ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും പിന്നീട് ഈ നടപടിക്കെതിരെ പലരും രംഗത്തെത്തി. വേദിവിട്ടിറങ്ങിയ പുഷ്പിക തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തു. താൻ വിവാഹമോചിതയല്ല, അങ്ങനെയാണെങ്കിൽ അതിന്റെ രേഖകൾ ഹാജരാക്കാൻ താൻ വെല്ലുവിളിക്കുന്നു. വേദിയിൽ വച്ച് നേരിട്ട അപമാനത്തിനും അനീതിക്കുമെതിരെ ആവശ്യമായ നിയമനടപടി ഇതിനകംതന്നെ സ്വീകരിച്ചിട്ടുണ്ട്. പുഷ്പിക ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം കിരീടം പിടിച്ചുവാങ്ങിയപ്പോൾ തന്റെ തലയ്ക്ക് പരിക്കേറ്റതായും പുഷ്പിക പറഞ്ഞു. സംഭവം വിവാദമായതോടെ മത്സരത്തിന്റെ സംഘാടകരും രംഗത്തെത്തി. പുഷ്പിക വിവാഹമോചിതയല്ലെന്നും പുഷ്പികയ്ക്ക് സമ്മാനിച്ച കിരീടം അവർക്കുതന്നെ തിരിച്ചുനൽകുമെന്നും കരോലിനിന്റെ നടപടി നാണക്കേടുണ്ടാക്കിയെന്നും സംഭവത്തിൽ മിസ്സിസ്സ് വേൾഡ് ഓർഗനൈസേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. സംഭവത്തിൽ കരോലിൻ ജൂറിയെ പൊലീസ് ചോദ്യം ചെയ്തു.