ചെന്നൈ: തമിഴ്നാട്ടിൽ ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങൾ പോളിംഗ് ഉദ്യോഗസ്ഥർ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം ആരംഭിച്ചു. ഇവരുടെ പക്കൽ നിന്ന് 1.12 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
ചൊവ്വാഴ്ച രാത്രി രണ്ട് ഇ.വി.എമ്മുകളും ഒരു വിവിപാറ്റ് മെഷീനുമായി നാല് പേർ സ്കൂട്ടറിൽ സഞ്ചരിക്കവെ, ചെന്നൈ വേളാച്ചേരിയിൽ വച്ച് നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു.
രണ്ട് സ്കൂട്ടറുകളിലായി കൊണ്ടുപോയ ഇ.വി.എമ്മുകളിലൊന്ന് തരമണിയിൽ വച്ച് റോഡിലേക്ക് വീണു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇരുചക്ര വാഹനത്തിലുണ്ടായിരുന്നവരെ തടഞ്ഞുവച്ചു. ഡി.എം.കെ, കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. ചെന്നൈ കോർപ്പറേഷനിൽ ജോലിചെയ്യുന്ന പോളിംഗ് ഓഫീസർമാരാണെന്ന് വാഹനത്തിലെത്തിയവർ പറഞ്ഞെങ്കിലും പൊലീസ് എത്തിയ ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാനായത്.
ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെടുത്ത പണത്തെക്കുറിച്ചും ഇവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ, കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.