reserve-bank

മുംബയ്: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പുവർഷത്തെ (2021-22) ആദ്യ ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും തുടരും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്‌പാ പലിശനിരക്ക് തത്കാലം ബാങ്കുകൾ കുറയ്ക്കില്ലെന്ന് ഉറപ്പായി. അതേസമയം, പൊതു വിപണിയിൽ പണലഭ്യത ഉയർത്താൻ ബദൽ നടപടികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

 നബാർഡ്, സിഡ്‌ബി, എൻ.എച്ച്.ബി (നാഷണൽ ഹൗസിംഗ് ഫിനാൻസ്) എന്നിവയ്ക്ക് 50,000 കോടി രൂപ.

 സംസ്ഥാന സർക്കാരുകൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്‌പ ലഭ്യമാക്കുന്ന വേയ്സ് ആൻഡ് മീൻസ് പരിധി 46 ശതമാനം ഉയർത്തി 47,010 കോടി രൂപയാക്കി.

 കൊവിഡിൽ വേയ്സ് ആൻഡ് മീൻസ് ഇനത്തിൽ ഇടക്കാലത്തേക്ക് 51,560 കോടി രൂപ പ്രത്യേകമായി കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി സെപ്‌തംബർ 30വരെ നീട്ടി

 കടപ്പത്ര വാങ്ങലിലൂടെ (ജി-സാപ് 1.0) ഏപ്രിൽ 15ന് 25,000 കോടി രൂപ വിപണിയിലിറക്കും

 പേമെന്റ് ബാങ്കുകൾക്ക് വ്യക്തികളിൽ നിന്ന് ഇനിമുതൽ രണ്ടുലക്ഷം രൂപവരെ നിക്ഷേപം സ്വീകരിക്കാം

 എൻ.ഇ.എഫ്.ടി., ആർ.ടി.ജി.എസ് സേവനങ്ങൾ നൽകാൻ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും അനുമതി.