തലശേരി:പാനൂർ പുല്ലൂക്കരയിൽ യൂത്ത്ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മകൻ ജെയിൻ രാജിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. ഇരന്നു വാങ്ങുന്നതു ശീലമായിപ്പോയി' എന്നാണ് ജെയിൻ രാജിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇന്നലെ പ്രകോപനപരമായി വന്ന പോസ്റ്റ് .
മകന്റെ പോസ്റ്റ് വിവാദമായതോടെയാണ് ഇതിനെ തള്ളിപ്പറഞ്ഞ് ജയരാജൻ തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ രംഗത്തെത്തിയത്.ഏതു സാഹചര്യത്തിലാണ് മകൻ ഇങ്ങനെയൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനത്തോടു യോജിക്കുന്നില്ലെന്നും ജയരാജൻ പ്രതികരിച്ചു. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിൽ പാർട്ടി അനുഭാവികൾ ഏർപ്പെടണമെന്നും ജയരാജൻ പോസ്റ്റിൽ വ്യക്തമാക്കി.