തിരുവനന്തപുരം: നേമത്തും കഴക്കൂട്ടത്തും സി.പി.എം സ്ഥാനാർത്ഥികൾക്ക് എസ്.ഡി.പി.ഐ വോട്ടുകൾ മറിച്ചുനൽകിയതായി വെളിപ്പെടുത്തൽ. എൽ.ഡി.എഫ് നേതൃത്വവും സ്ഥാനാർത്ഥികളും പിന്തുണയ്ക്കായി സമീപിച്ചിരുന്നുവെന്നും എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു.
നേമത്ത് പതിനായിരത്തോളം പാർട്ടി വോട്ടുണ്ടെന്നും ഇതു ശിവൻകുട്ടിക്ക് നൽകിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തൽ. നേമത്ത് പാർട്ടിയുടെ അന്വേഷണത്തിൽ ബി.ജെ.പി വരാതിരിക്കാൻ മുൻതൂക്കമുളള സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതനുസരിച്ച് എൽ.ഡി.എഫിനാണ് പിന്തുണ നൽകിയതെന്നും സിയാദ് കണ്ടല വ്യക്തമാക്കി.
സി.പി.എം വോട്ടുമറിച്ചതിന്റെ തെളിവാണ് എസ്.ഡി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പ്രതികരിച്ചു. സി.പി.എം എന്തും ചെയ്യും. കാരണം സി.പി.എമ്മിനെ നയിക്കുന്നത് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയോ സെൻട്രൽ കമ്മിറ്റിയോ ഒന്നുമല്ല, ക്യാപ്റ്റൻ പണറായി വിജയനാണ്. അദ്ദേഹം ഏതറ്റംവരെയും പോകുമെന്നും മുല്ലപ്പളളി പറഞ്ഞു.
തലയിൽ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സി.പി.എമ്മെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഭീകരൻമാരുടെ പിന്തുണതേടാൻ ഒരു മടിയും മറയുമില്ലാത്ത ആളുകളാണ് ഇടതുപക്ഷത്തിനകത്തുളളത്. കാലാകാലങ്ങളിൽ തലയിൽ മുണ്ടിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിവരെ ഭീകരവാദ സംഘടനകളുടെ നേതാക്കൻമാരുമായി കോഴിക്കോട് ഒരുമിച്ചിരുന്നത് നാലുകൊല്ലം മുൻപല്ലേയെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.