മുംബയ് : ഇംഗ്ലീഷ് ക്രിക്കറ്റർ മൊയീൻ അലിക്കെതിരായ പ്രശസ്ത എഴുത്തുകാരി തസ്‌ലീമ നസ്രീന്റെ ട്വീറ്റിനെച്ചൊല്ലി വിവാദം . ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ മൊയീൻ അലി സിറിയയിൽ പോയി ഐഎസിൽ ചേരുമായിരുന്നു എന്ന ട്വീറ്റാണ് പ്രശ്നങ്ങൾക്ക് തിരി കൊളുത്തിയത്.
മൊയീൻ അലിയെ പിന്തുണച്ച് ക്രിക്കറ്റ് ലോകം ഒന്നടങ്കം സാഹിത്യകാരിക്കെതിരെ രംഗത്തെത്തി. ഇതോടെ തസ്‌ലീമ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. തസ്‍ലീമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഇംഗ്ലണ്ടിന്റെ പേസ് ബോളർ ജോഫ്ര ആർച്ചർ, ബാറ്റ്സ്മാൻ സാം ബില്ലിംഗ്സ്, സാക്വിബ് മഹ്മൂദ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
ഐപിഎൽ 14–ാം സീസണിൽ മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലാണ് മോയിൻ അലി. ഇംഗ്ലണ്ടിനുവേണ്ടി അലി, 61 ടെസ്റ്റുകളിലും 109 ഏകദിനങ്ങളിലും 34 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.