crime

പത്തനംതിട്ട: കുമ്പഴയിൽ അഞ്ച് വയസുള്ള തമിഴ് ബാലികയെ മർദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രണ്ടാനച്ഛൻ അലക്സ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റർ രവിചന്ദ്രനെയാണ് അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി സസ്പെൻഡ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 12 നാണ് അലക്സ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി കടന്നത്. പ്രാഥമികാവശ്യത്തിനായി ഇയാളെ സ്റ്റേഷന് പുറത്തേക്ക് ഇറക്കുമ്പോഴാണ് ഒാടിയത്. തുടർന്ന് നടന്ന തെരച്ചിലിൽ ചൊവ്വാഴ്ച വെളുപ്പിന് ആറുമണിയോടെ കുലശേഖരപ്പേട്ടയിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ പിടികൂടി.

കുമ്പഴ കളീക്കൽ പടിക്ക് സമീപം ഏറെ നാളായി വാടകയ്ക്ക് താമസിക്കുകയാണ് അലക്സും കുട്ടിയും അമ്മയും . മർദ്ദനമേറ്റ് മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് കുട്ടിയെ വീട്ടിൽ കണ്ടത്. അമ്മ വിവരം അറിയിച്ചതോടെ പൊലീസെത്തി അലക്സിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മാനസിക വിഭ്രാന്തി കാട്ടിയ ഇയാൾ പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കുട്ടിയുടെ മ്യതദേഹം പത്തനംതിട്ട നഗരസഭ ശ്‌മശാനത്തിൽ സംസ്കരിച്ചു.