
പാർക്കിൻസൺ രോഗികളിലെ വിഷാദ ലക്ഷണങ്ങൾ നേരത്തെ കണ്ടു പിടിക്കുകയും അതിന് ചികിത്സ നേടാൻ അവരെ പ്രേരിപ്പിക്കുകയുമാണ് ഈ വർഷത്തെ സന്ദേശം. ഇന്ന് ലോക പാർക്കിൻസൺ ദിനം...
ലണ്ടനിൽ ജീവിച്ചിരുന്ന ഡോ.ജെയിംസ് പാർക്കിൻസൺ ആണ് ചലന വൈകല്യ രോഗമായി കരുതുന്ന പാർക്കിൻസൺ രോഗത്തിന്റെ ലക്ഷണങ്ങൾ ആദ്യം കണ്ടെത്തിയത്. 1817 ൽ ആയിരുന്നു അത്. ലണ്ടനിലെ തെരുവിലെ ആറു പേരെ നിരീക്ഷിച്ചതിൽ നിന്നായിരുന്നു ഡോക്ടറുടെ നിഗമനങ്ങൾ. തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച് ന്യൂറോളജിസ്റ്റ് ഡോ.ജീൻ എം.ഷാർക്കോ ഡോ.ജെയിംസിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ രോഗികളെ നിരീക്ഷിക്കുകയും അതിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരികയും ചെയ്തു. ഡോ.പാർക്കിൻസണോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് ചേർത്ത് പാർക്കിൻസൺ രോഗമെന്ന് വിശേഷിപ്പിച്ചതും ഷാർക്കോ ആയിരുന്നു. കൗതുകകരമായ കാര്യം പാർക്കിൻസൺ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്ന ചലന വൈകല്യ സംബന്ധിയായ അസുഖത്തെക്കുറിച്ച് ചരക സംഹിതയിൽ കമ്പവാതമെന്ന പേരിൽ പരാമർശിച്ചിട്ടുണ്ടെന്നതാണ്. വിറവാതമെന്നും ഇതേക്കുറിച്ച് പറയാറുണ്ട്.
അൾഷൈമേഴ്സ് കഴിഞ്ഞാൽ പ്രായമുള്ളവരിൽ വരുന്ന, തലച്ചോറിന്റെ തേയ്മാന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് പാർക്കിൻസൺ രോഗത്തിനുള്ളത്. ഒന്നിനു പുറകെ ഒന്നായി പ്രത്യക്ഷപ്പെടുന്ന വിറയൽ, കൈകാലുകളുടെ പേശികളിലുണ്ടാകുന്ന മുറുക്കം, എല്ലാ പ്രവൃത്തികളെയും ബാധിക്കുന്ന മന്ദത, സ്വയം ബാലൻസ് നിയന്ത്രിക്കാൻ കഴിയാതെ വരിക തുടങ്ങിയവ പാർക്കിൻസൺ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങളാണ്. ഈ രോഗം തുടങ്ങുന്ന പ്രായം ശരാശരി അറുപത്തിയഞ്ച് വയസോടെയാണ്. എന്നാൽ ഇരുപത് ശതമാനം രോഗികൾക്ക് നാൽപ്പത് വയസിന് താഴെയും തുടങ്ങാം. സ്ത്രീകളേക്കാൾ പുരുഷൻമാരിലാണ് പാർക്കിൻസൺ രോഗം കൂടുതലായി കാണുന്നത്.2016 ലെ കണക്കനുസരിച്ച് ലോകത്താകെയുള്ള അറുപത് ലക്ഷം പാർക്കിൻസൺ രോഗികളിൽ ആറു ലക്ഷം പേർ ഇന്ത്യയിലാണ്. ആയുർ ദൈർഘ്യം വർദ്ധിക്കുന്നതിനാൽ ഇന്ത്യയിൽ മുതിർന്നവർക്കിടയിൽ രോഗസാദ്ധ്യത കൂടിവരുന്നുണ്ട്.
അറുപത് വയസ് കഴിഞ്ഞവരിൽ ഒറ്റപ്പെട്ട് വരുന്ന പാർക്കിൻസൺ രോഗം ഒരു പാരമ്പര്യ രോഗമായി കരുതുന്നില്ല. എന്നിരുന്നാലും 10 മുതൽ 15 ശതമാനം വരെ രോഗികളുടെ മറ്റു കുടുംബാംഗങ്ങളിലും പാർക്കിൻസൺ രോഗമുള്ളതായി കാണാം. ലോകത്ത് പലേടത്തും ഒരേ കുടുംബത്തിലെ തന്നെ പല വ്യക്തികൾക്ക് പാർക്കിൻസൺ രോഗം ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.പാർക്കിൻസൺ രോഗം ഉണ്ടാക്കുന്ന ജനിതക തകരാറുകളായി കണക്കാക്കുന്ന 10-13 എണ്ണം ഇത്തരം കുടുംബങ്ങളിലെ പാർക്കിൻസൺ രോഗികളിൽ നിന്ന് കണ്ടുപിടിച്ചിട്ടുമുണ്ട്
ഈ രോഗത്തിന്റെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും ചെറിയ തോതിലുള്ള ജനിതക തകരാറുകളും അന്തരീക്ഷത്തിലുള്ള ടോക്സിക്ക് ഏജന്റുകൾ തലച്ചോറിൽ ഉളവാക്കുന്ന ക്ഷതങ്ങളും കാരണമായി കാണുന്നുണ്ട്..യഥാർത്ഥ കാരണം വ്യക്തമല്ലാത്തതിനാൽ ഈ രോഗം വരാതിരിക്കാനോ പൂർണ്ണമായി ഭേദമാക്കാനോ ഉതകുന്ന ചികിത്സാരീതി ഇനിയും വന്നിട്ടില്ല. എന്നാൽ ലോകമെമ്പാടും ഇതിനായുള്ള പഠന ഗവേഷണങ്ങൾ നടന്നുവരികയാണ് ഈ ചലന വൈകല്യങ്ങൾക്കു കാരണം തലച്ചോറിൽ ഡോപ്പാമിൻ ഉത്പ്പാദിപ്പിക്കുന്ന substantia nigra യിലെ കോശങ്ങൾ അകാലത്തിൽ നശിച്ചുപോകുന്നതുകൊണ്ടാണ്. ക്രമേണ തലച്ചോറിലെ മറ്റു കോശങ്ങളെയും ഈ രോഗം ബാധിക്കുന്നു.
വിഷാദം, ഉറക്കത്തിൽ സ്വപ്നങ്ങൾകണ്ട് കൈകാലിട്ടടിക്കുക,മണം നഷ്ടമാവുക, മലബന്ധം എന്നിവയൊക്കെ രോഗം പ്രകടമാകുന്നതിനു വളരെ മുമ്പെ കണ്ടുവരുന്നു.നന്നായി സംസാരിച്ചിരുന്നവർ സംസാരം കുറയ്ക്കുക, ഉറക്കക്കുറവ്, ഉത്ക്കണ്ഠ, മൂത്രം നിയന്ത്രിക്കാൻ കഴിയാതെ വരിക,വീഴ്ച ,ഡിമൻഷ്യ തുടങ്ങിയവ രോഗം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്.
അതേസമയം കപ്പും ഗ്ളാസുമൊക്കെ എടുക്കുമ്പോൾ കൈകൾ വിറച്ചാൽ അത് പാർക്കിൻസണിന്റെ ഭാഗമാണെന്ന് കരുതേണ്ട.അങ്ങനെ തെറ്റിദ്ധരിക്കുന്നവരുണ്ട്. പ്രായം കൂടുമ്പോൾ പലർക്കും വിറയൽ വരാറുണ്ട്. അതൊന്നും ഈ രോഗത്തിന്റെ ലക്ഷണമല്ല. സ്ട്രോക്ക്, അണുബാധ, ട്യൂമർ, തലച്ചോറിൽ ഫ്ളൂയിഡ് കെട്ടുക തുടങ്ങിയവ പാർക്കിൻസൺ ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.പാർക്കിൻസൺ രോഗം പോലെയുള്ള ലക്ഷണങ്ങൾ ഇവയ്ക്കും ഉണ്ടാകാം.അത്തരം ലക്ഷണം ഉള്ളവർക്ക് എം.ആർ.ഐ സ്കാൻ വേണ്ടിവരും.
തലച്ചോറിലെ ഡോപ്പാമിന്റെ അപര്യാപ്തത പരിഹരിക്കുകയെന്നതാണ്, രോഗ ചികിത്സയുടെ ആധാരം. അതിനായി ഉപയോഗിക്കുന്ന മരുന്നുകളാണ് levodopa, dopamine agonist and monoamine oxidase inhibitors എന്നിവ. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടതാണ്.മരുന്ന് ചികിത്സ മൂലം രോഗം ഗണ്യമായി കുറയുമെങ്കിലും ഏതാനും വർഷം കഴിയുമ്പോൾ മരുന്നിന്റെ സ്വാധീനം കുറഞ്ഞു വരും. മരുന്നിന്റെ നിരന്തരമായ ഉപയോഗത്താൽ ഉണ്ടാകുന്നതാണിത്. അനിയന്ത്രിതമായി രോഗത്തിന്റെ തീവ്രത കൂടിയെന്നും വരാം. ഈ ഘട്ടത്തിലാണ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ചികിത്സാ രീതി ആവശ്യമായി വരുന്നത്. യഥാസമയം ചികിത്സ ആരംഭിക്കുകയെന്നതാണ് പ്രധാനം..ചലനശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചികിത്സയാണിത്. മറ്റുരോഗങ്ങളില്ലാത്ത, എഴുപത് വയസിൽ താഴെയുള്ളവരിലാണ് ഈ ചികിത്സ ഫലപ്രദമായിട്ടുള്ളത്. താരതമ്യേന ചെലവ് കൂടിയ ചികിത്സയാണിത്. മരുന്നുകളല്ലാതെ യോഗ, ഫിസിയോ തെറാപ്പി തുടങ്ങിയ മാർഗങ്ങളും പാർക്കിൻസൺ രോഗികളുടെ ജീവിത നിലവാരം കൂട്ടാൻ സഹായിക്കാറുണ്ട്.
ഇന്ന് ലോക പാർക്കിൻസൺ ദിനമാണ്. ഈ വർഷത്തെ തീം പാർക്കിൻസൺ രോഗത്തിലെ മാനസികാരോഗ്യ പ്രശ്നങ്ങളാണ്. വിഷാദവും ഉത്ക്കണ്ഠയുമാണ് ചലന വൈകല്യത്തേക്കാൾ പ്രശ്നങ്ങളുണ്ടാക്കുന്നത്. 50 ശതമാനം പാർക്കിൻസൺ രോഗികളിലും മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകും. പാർക്കിൻസണിൽ മാനസിക രോഗ ലക്ഷണങ്ങളുണ്ടാകുന്നത്. തലച്ചോറിലെ മാനസീകാവസ്ഥ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ ഡോപ്പാമിൻ, സീറട്ടോണിൻ ,നോർ അഡ്രിനാലിൻ എന്നീ രാസവസ്തുക്കളുടെ അളവ് കുറയുന്നതുകൊണ്ടാണ്. ഇത് നികത്താൻ പലതരം മരുന്നുകളുണ്ട്. ഇവയ്ക്കു പുറമെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ . വ്യായാമം, യോഗ, സാമൂഹ്യപ്രവർത്തനം തുടങ്ങിയവയും വിഷാദ രോഗങ്ങളെ അകറ്റാൻ സഹായിക്കും.പാർക്കിൻസൺ രോഗികളിലെ വിഷാദ ലക്ഷണങ്ങൾ നേരത്തെ കണ്ടു പിടിക്കുകയും അതിന് ചികിത്സ നേടാൻ അവരെ പ്രേരിപ്പിക്കുകയുമാണ് ഈ വർഷത്തെ സന്ദേശം. ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, കുറ്റബോധം, സങ്കടം തുടങ്ങി പാർക്കിൻസൺ രോഗികളിൽ ഉറങ്ങിക്കിടക്കുന്ന വിഷാദ രോഗത്തെ കണ്ടുപിടിച്ച് യഥാസമയം ചികിത്സിച്ചാൽ വലിയ തോതിൽ പ്രയോജനമുണ്ടാകും. ഇത് ചലന വൈകല്യ ചികിത്സയെ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും. സമയോചിതമായി ചികിത്സ നേടുകയും കൃത്യമായി ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്താൽ രോഗത്തിന്റെ കാഠിന്യം വലിയ തോതിൽ കുറയ്ക്കാനാവും.
(പാർക്കിൻസൺ രോഗചികിത്സയിൽ രാജ്യത്തെ പ്രമുഖ ഗവേഷകയും, ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് മുൻ ഡയറക്ടറും കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ക്ളിനിക്കൽ
എക്സലൻസ് ഹെഡും സീനിയർ കൺസൾട്ടന്റുമാണ് ലേഖിക. ഫോൺ -8111998076 )