ambani-family

മുംബയ്: റിലയൻസ് ഇൻഡസ്‌ട്രീസിലെ പ്രമോട്ടർ ഓഹരി പങ്കാളിത്തം ഉയർത്തുന്നത് സംബന്ധിച്ച ചട്ടം ലംഘിച്ചതിന് അംബാനി കുടുംബത്തിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) 25 കോടി രൂപ പിഴ വിധിച്ചു. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി, അനുജൻ അനിൽ അംബാനി, ഇവരുടെ അമ്മ, പത്നിമാർ, മക്കൾ, പ്രമോട്ടർ ഓഹരി പങ്കാളിത്തമുള്ള മറ്റുള്ളവർ എന്നിങ്ങനെ 34 വ്യക്തികളും സ്ഥാപനങ്ങളും ചേർന്നാണ് പിഴ ഒടുക്കേണ്ടത്.

റിലയൻസ് ഇൻഡസ്‌ട്രീസിലെ പ്രമോട്ടർ ഓഹരിപങ്കാളിത്തം 2000ൽ 6.83 ശതമാനം ഉയർന്നിരുന്നു. 1997ലെ സബ്‌സ്‌റ്റാൻഷ്യൽ അക്വിസിഷൻ ഒഫ് ഷെയേഴ്‌സ് ആൻഡ് ടേക്ക് ഓവേഴ്‌സ് (സാറ്റ്‌സ്) റെഗുലേഷൻ ചട്ടപ്രകാരം അഞ്ച് ശതമാനത്തിനുമേൽ വോട്ടിംഗ് അവകാശ ഓഹരികൾ (പ്രമോട്ടർ ഓഹരികൾ) ഏറ്റെടുക്കുകയാണെങ്കിൽ ചെറുകിട നിക്ഷേപകർക്കായി ഓപ്പൺ ഓഫർ നൽകണം. അതായത്, ഏറ്റെടുക്കൽ പരസ്യമാക്കണം. ഇതു ലംഘിച്ചെന്ന് കാട്ടിയാണ് സെബിയുടെ നടപടി.