qq

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ത്രീകൾക്കെതിരെ ലൈംഗീക അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണം സ്ത്രീകളുടെ വസ്ത്രധാരണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിനെതിരെ ഗവൺമെന്റ് എന്ത് നടപടിസ്വീകരിക്കുന്നു എന്നുള്ള ചോദ്യത്തിനാണ് ഖാൻ ഇത്തരം മറുപടി നൽകിയത്. ലൈംഗീക അതിക്രമങ്ങൾ ഒഴിവാക്കാൻ സ്ത്രീകൾ പർദ ഇടുന്നതാണ് ഉചിതമെന്നും വസ്ത്രധാരണത്തിലെ കുഴപ്പമാണ് പീഡനങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഖാന്റെ ഈ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്..

ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ വസ്ത്രധാരണത്തെ അശ്ലീലത എന്ന് വിശേഷിപ്പിച്ച ഖാൻ ഇന്ത്യയിലെ ബോളിവുഡിനെയും ഇംഗ്ലണ്ടിലെ ലൈംഗീക,​ മയക്കുമരുന്ന്,​ റോക്ക് ആൻഡ് റോൾ സംസ്കാരത്തെയുമാണ് ഉദാഹരണമായി പറഞ്ഞത്. ഇത് ധാർമികതയുടെ തകർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പർദ ഉപയോഗിച്ചാൽ പ്രലോഭനം ഒഴിവാക്കാൻ കഴിയും. ലൈംഗീകമായി കീഴ്പ്പെടുത്തുന്നത് അവരുടെ മാത്രം കുറ്റമല്ല. സ്ത്രീയും അതിൽ പങ്കാളിയാണെന്നും ഖാൻ ആരോപിച്ചു..

അതേസമയം,​ രാജ്യത്തെ സ്വതന്ത്ര അവകാശങ്ങളുടെ അടിസ്ഥാനത്തിൽ ഈ പരാമർശം വളരെ അതിശയമായിരിക്കുന്നെന്ന് പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ എവിടെ എപ്പോൾ എങ്ങനെ നടക്കുന്നു എന്നിവയാണ് അറിയേണ്ടത്. മറിച്ച് ഇത്തരം അതിക്രമങ്ങളിൽ ഇരകളായ സ്ത്രീകളുടെ മേൽ കുറ്റം ചുമത്തുകയല്ല വേണ്ടത്.. കമ്മീഷൻ പറഞ്ഞു.

ലൈംഗീക അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളെ പലപ്പോഴും സംശയത്തോടെയും ക്രിമിനൽ കുറ്റവാളികളോടെന്നപോലെ പെരുമാറുകയുമാണ് രാജ്യത്ത് പലപ്പോഴും സംഭവിക്കുന്നത്. ഒപ്പം അതിക്രമം നേരിടുന്ന സ്ത്രീകളെ കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തുകയോ കൊലപ്പെടുത്തുകയോ വരെ ചെയ്യാറുണ്ട്.

സ്ത്രീകളുടെ തെറ്റുകൾ കാരണമാണ് കൊവിഡ് വ്യാപനം സംഭവിച്ചതെന്ന് മുൻപ് ഒരു പുരോഹിതൻ പരാമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഖാന്റെ പരാമർശം. ബ്രിട്ടണിലെ ലൈംഗീക,​ മയക്കുമരുന്ന്,​ റോക്ക് ആൻഡ് റോൾ സംസ്കാരത്തെയും വർദ്ധിച്ചുവരുന്ന വിവാഹമോചനത്തെയും കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം ഖാൻ ഒരു ടെലിവിഷൻ ചാനലിൽ സംസാരിച്ചിരുന്നു. എന്നാൽ രണ്ട് തവണ വിവാഹമോചനം നേടിയ ഖാനെതിരെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തി..