mamata-banerjee

ന്യൂഡൽഹി: വർഗീയ പരാമർശം നടത്തി വോട്ടു തേടി എന്ന പരാതിയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസയച്ചു. മുസ്ലീം വോട്ടർമാരുടെ വോട്ട് വിഭജിച്ചു പോകാതെ നോക്കണം എന്ന മമതയുടെ ഏപ്രിൽ മൂന്നിലെ പരാമർശത്തിന്മേലാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്തർ അബ്ബാസ് നഖ്‌വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. ഹൂഗ്ളി ജില്ലയിലെ താരകേശ്വറിൽ നടന്ന പൊതുയോഗത്തിൽ മമത പരസ്യമായി വർഗീയ പരാമർശം നടത്തി വോട്ടുതേടിയതായി പരാതിയിൽ പറയുന്നു.

ഞാൻ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകൾ കൂപ്പി അഭ്യർത്ഥിക്കുന്നു, പിശാചിന്റെ വാക്കുകൾ കേട്ട് ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കരുത്. അയാൾ വർഗീയ പ്രസ്താവനകൾ നടത്തുകയും ഹിന്ദുവും മുസ്ലിങ്ങളും തമ്മിൽ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു. ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കുന്നതിനായി ബി.ജെ.പി നൽകിയ പണവുമായി സി.പി.എമ്മിലെയും ബി.ജെ.പിയിലെയും സഖാക്കൾ കറങ്ങുകയാണെന്നും മമത പറഞ്ഞിരുന്നു.