ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് വേട്ടയ്ക്കിടെ വീരമൃത്യുവരിച്ച സൈനികരെ അപമാനിച്ചതിന് അസാമീസ് എഴുത്തുകാരി അറസ്റ്റിലായി. സൈനികർക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പരാമർശങ്ങളുടെ പേരിലാണ് രാജ്യദ്രോഹകുറ്റത്തിന് ശിഖ ശർമ്മയ്ക്കെതിരെ കേസെടുത്തത്.
ഔദ്യോഗിക ജോലിയുടെ ഭാഗമായി സർക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ മരിച്ചാൽ അവരെ രക്തസാക്ഷികളായി കാണാനാവില്ല. അങ്ങനെയാണെങ്കിൽ ജോലിക്കിടെ മരിക്കുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരെയും രക്തസാക്ഷികളായി പരിഗണിക്കണമല്ലോ എന്നായിരുന്നു ശിഖയുടെ വിവാദ കുറിപ്പ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.ഇതിന് പിന്നാലെ രണ്ട് അഭിഭാഷകർ ദിസ്പുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് ഐ.പി.സി 124 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ശിഖ ശർമയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കിടെ 22 സൈനികരാണ് രക്തസാക്ഷികളായത്. ദക്ഷിണ ബസ്തർ വനമേഖലയിൽ കാണാതായ ഒരു സി.ആർ.പി.എഫ് കോൺസ്റ്റബിളിനെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്