കൊളംബോ: 2019ൽ ശ്രീലങ്കയിലെ മൂന്ന് പള്ളികളിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ 270പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന് പിന്നിലെ സൂത്രധാരൻ മതപുരോഹിതനായ നൗഫർ മൗലവിയാണെന്നും ഇയാളെ പിടികൂടി ജയിലിലടച്ചെന്നും ശ്രീലങ്കൻ സുരക്ഷാമന്ത്രി ശരത് വീരശേകര പറഞ്ഞു.
ഇസ്ളാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷണൽ തവ്ഹീദ് ജമാത്ത് എന്ന ഭീകരസംഘടനയിലെ 9 ചാവേറുകളാണ് സ്ഫോടനം നടത്തിയത്. കേസിൽ 32 പേർ പിടിയിലായെന്നും ഇവരുടെ മേൽ കൊലക്കുറ്റം ചാർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംശയമുള്ള 211പേർ കസ്റ്റഡിയിലാണ്. സ്ഫോടനങ്ങളിൽ 11 ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു
പ്രതികളുടെ രാജ്യാന്തര ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു. കതുവപിടിയയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ആക്രമണം നടത്തിയ ആച്ചി മുഹമ്മദ് ഹസ്തുന്റെ ഭാര്യ സാറ ജാസ്മിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സാറ ജാസ്മിൻ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം.