മസ്കറ്റ്: മസ്കറ്റിൽ സ്വദേശികൾക്കും താമസവിസക്കാർക്കും ഒഴികെ വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്ക് നിരോധനം ഏർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചമുതലാണ് പുതിയ നടപടി. എന്നാൽ വിസിറ്റിംഗ് വിസ നിറുത്തിയതോടെ ഹോട്ടൽ ക്വാറന്റീൻ നിരക്ക് കുറയാൻ ഇടയുണ്ടെന്നാണ് വിവരം.. ഇതോടൊപ്പം ഇന്ത്യയിൽനിന്നുള്ള വിമാന നിരക്കുകളും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
കൊവിഡ് ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ പ്രവേശന നിയന്ത്രണം പ്രഖ്യാപിച്ചതോടെ മലയാളികൾ അടക്കം നിരവധി പേർ ഒമാൻ വഴിയാണ് സൗദിയിലേക്ക് പോകുന്നത്. ഇത്തരക്കാർ 14 ദിവസം ഒമാനിൽ തങ്ങുന്നതിനാൽ ഹോട്ടലുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ചെറുകിട ഹോട്ടലുകളിലാണ് തിരക്ക് ഏറെ അനുഭവപ്പെട്ടിരുന്നത്. ചെറുകിട ഹോട്ടലുകൾക്ക് നേരത്തെ മുതൽ തന്നെ ആവശ്യക്കാർ കൂടുതലായിരുന്നു. തിരക്ക് കൂടിയതോടെ ഒരു മുറിയിൽ രണ്ടിൽ കൂടുതൽ പേരെ പാർപ്പിക്കുകയും ചെയ്തിരുന്നു.. ഇപ്പോഴും സൗദിയിലേക്ക് പോകുന്നതിനായി ധാരാളം പേർ ഒമാനിലുണ്ട്. കഴിഞ്ഞ മാസം 28 മുതൽ ഹോട്ടൽ ബുക്കിങ്ങിനായി 'സഹല'പ്ലാറ്റ്ഫോം നിലവിൽ വന്നതോടെ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകൾ പോർട്ടലിൽ ഉണ്ടെങ്കിലും'സോൾഡ് ഔട്ട് 'എന്നാണ് കാണുന്നത്. ലഭ്യമായ ഹോട്ടലുകൾ ഉയർന്ന നിലവാരത്തിലുള്ളതും ദിവസം 45 റിയാലിന് മുകളിൽ നിരക്കുള്ളവയുമാണ്. ഇത്തരം ഹോട്ടലുകൾ കുറഞ്ഞ വരുമാനക്കാരായ വിദേശികൾക്ക് ഒരുവിധത്തിലും തങ്ങാൻ കഴിയുന്നതല്ല. നിലവിലെ അവസ്ഥയിൽ ജീവനക്കാരുടെ ക്വാറന്റീൻ നിരക്കുകൾ വഹിക്കുന്ന സ്ഥാപനങ്ങൾ വളരെ ചുരുക്കവുമാണ്.