കൊച്ചി: രാജ്യത്ത് കൊവിഡ് വീണ്ടും ആശങ്കാജനകമായി ഉയരുന്നത് രൂപയ്ക്കും പ്രതിസന്ധിയാകുന്നു. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റം വൈകുമെന്ന വിലയിരുത്തലുകളുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഇന്നലെ ഡോളറിനെതിരെ വ്യാപാരാന്ത്യം 112 പൈസ ഇടിഞ്ഞ് 74.55ലാണ് രൂപയുള്ളത്. 20 മാസത്തിനിടെ ഇന്ത്യൻ റുപ്പി നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്. കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യത്തിലുമാണ് രൂപ ഇപ്പോഴുള്ളത്. ഇന്നലെ മാത്രം 1.15 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തത്. ഇത്, എക്കാലത്തെയും ഉയർന്ന പ്രതിദിന കണക്കാണ്.