ന്യൂഡൽഹി: ഇന്ത്യയിൽ ഈവർഷം ഫെബ്രുവരിയിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 2019 ഫെബ്രുവരിയേക്കാൾ 30.8 ശതമാനം കുറഞ്ഞെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (അയാട്ട) റിപ്പോർട്ട്. ആഗോളതലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവ് 74.7 ശതമാനമാണ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയ മറ്റൊരു രാജ്യം ബ്രസീലാണ്; 34.9 ശതമാനം.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ കുറഞ്ഞതും വിമാനയാത്രയെ യാത്രക്കാർ ആശങ്കയോടെ കാണുന്നതുമാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞവർഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചിറകുമടക്കിയ വിമാനസർവീസുകൾ ഇനിയും പഴയസ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഒട്ടുമിക്ക രാജ്യങ്ങളിലും കർശന നിയന്ത്രണങ്ങൾ തുടരുകയുമാണ്. ആഗോളതലത്തിലെ 290 എയർലൈനുകളുടെ കൂട്ടായ്‌മയാണ് അയാട്ട; ആഗോള വ്യോമഗതാഗതത്തിന്റെ 82 ശതമാനം ഈ കൂട്ടായ്‌മയുടെ പങ്കാണ്.