കൊച്ചി: ഫോബ്സ് മാഗസിന്റെ 2021ലെ ലോക ശതകോടീശ്വര പട്ടികയിലും ഇന്ത്യക്കാരിൽ ഒന്നാമനെന്ന പട്ടം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി നിലനിറുത്തി. 8,450 കോടി ഡോളർ ആസ്തിയുള്ള മുകേഷ് ഏഷ്യയിലെ ഏറ്റവും സമ്പന്നനും ലോക സമ്പന്നരിൽ പത്താമനുമാണ്. കഴിഞ്ഞവർഷത്തെ പട്ടികയിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നനും ലോക സമ്പന്നരിൽ 17-ാമനുമായിരുന്ന ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ, ഇക്കുറി 26-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 5,050 കോടി ഡോളർ ആസ്തിയുമായി രണ്ടാമത്തെ വലിയ ഇന്ത്യൻ ശതകോടീശ്വരനും ആഗോള പട്ടികയിൽ 24-ാമനുമാണ്. എച്ച്.സി.എൽ മുൻ മേധാവി ശിവ് നാടർ, ഡി-മാർട്ട് സ്ഥാപകൻ രാധാകിഷൻ ദമാനി, കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടർ ഉദയ് കോട്ടക് എന്നിവരാണ് ഇന്ത്യൻ പട്ടികയിൽ മൂന്നു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.
മലയാളി പ്രമുഖൻ
എം.എ. യൂസഫലി
ഏറ്റവും സമ്പന്നനായ മലയാളിയെന്ന പട്ടം ഇക്കുറിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ചൂടി. 445 കോടി ഡോളറിൽ നിന്ന് യൂസഫലിയുടെ ആസ്തി 480 കോടി ഡോളറായി ഉയർന്നിട്ടുണ്ട്. അതിസമ്പന്ന ഇന്ത്യക്കാരിൽ 26-ാമതും ആഗോള പട്ടികയിൽ 589-ാമതുമാണ് യൂസഫലി. ഇൻഫോസിസ് സഹസ്ഥാപകൻ ഗോപാലകൃഷ്ണൻ, ആർ.പി. ഗ്രൂപ്പ് മേധാവി രവി പിള്ള , ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനും പത്നി ദിവ്യ ഗോകുൽനാഥും, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ , ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി , മുത്തൂറ്റ് ഗ്രൂപ്പ് മേധാവികളായ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് , കല്യാൺ ജുവലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിലുള്ള മലയാളികൾ.