mansoor

കണ്ണൂർ: പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെയെന്ന് കസ്റ്റഡിയിലുളള സി പി എം പ്രവർത്തകന്റെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുളള ഷിനോസ് പറഞ്ഞു.

അപ്രതീക്ഷിതമായാണ് മുഹ്‌സിന്റെ സഹോദരൻ മൻസൂർ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ‌്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. കസ്റ്റഡിയിലുളള ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഘത്തിലുണ്ടായിരുന്ന പത്തോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൻസൂറിന്റെ സംസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ പാനൂർ മേഖലയിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറി.

സി പി എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു.പെരിങ്ങത്തൂർ ടൗൺ, ആച്ചിമുക്ക് ബ്രാഞ്ച് ഓഫിസുകൾക്ക് തീയിട്ടു.പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവയും ആക്രമിച്ചു.

കടകൾക്കും വീടുകൾക്കും നേരെയും ആക്രമണമുണ്ടായി. ഇതോടെ പാനൂർ മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചു. സുരക്ഷ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. പാനൂരിനോട് ചേർന്നുള്ള ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി.കണ്ണൂരിൽ ജില്ലാ കളക്ടർ ഇന്ന് സമാധാനയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.