തിരുവനന്തപുരം: സ്‌പേസ് പാർക്ക് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ അടക്കം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നടത്തിയ അനധികൃത നിയമനങ്ങളെ കുറിച്ച് അന്വേഷിച്ച് ധനകാര്യ പരിശോധനാ വിഭാഗം നൽകിയ റിപ്പോർട്ടിൽ കാര്യമായ നടപടികളൊന്നും എടുക്കാതെ സർക്കാർ. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവരോട് വിശദീകരണം ചോദിച്ചതൊഴിച്ചാൽ മറ്റ് കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. രണ്ടര മാസം മുമ്പാണ് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രി ആ റിപ്പോർട്ട് ഐ.ടി സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.
സ്വപ്‌നയെ കൂടാതെ നിരവധിപ്പേർക്കും ഇത്തരത്തിൽ പല സ്ഥാപനങ്ങളിലും ജോലി ലഭിച്ചിരുന്നു. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ (കെ.എസ്.ഐ.ടി.ഐ.എൽ) 14 ജീവനക്കാരെപ്പറ്റി ഒരു വിവരങ്ങളും സ്ഥാപനത്തിൽ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മതിയായ യോഗ്യത ഇല്ലാത്തവരാണ് ഇവരെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അനധികൃത നിയമനങ്ങൾക്ക് പിന്നിൽ കെ.എസ്.ഐ.ടി.ഐ.എൽ മുൻ ചെയർമാൻ എം. ശിവശങ്കർ, മാനേജിംഗ് ഡയറക്ടർ സി. ജയശങ്കർ, സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പ് എന്നിവരാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്വപ്‌നയെ പ്രൈസ് വാട്ടർ കൂപ്പേഴ്സ് വഴി സ്‌പേസ് പാർക്കിൽ നിയമിക്കുന്നതിന് മുമ്പ് ഗൂഢാലോചന നടന്നു. ശമ്പള ഇനത്തിൽ സ്വപ്‌ന കൈപ്പറ്റിയ 15.15 ലക്ഷം തിരിച്ചുപിടിച്ചതുമില്ല. സ്വപ്‌നയുടെ കൈവശമില്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് തുക പിടിക്കാനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. 62 ജീവനക്കാരുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിൽ 14 ജീവനക്കാർ ആരെന്നുപോലും അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.