ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,26,789 പേർക്ക് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്‌തു. മഹാമാരി തുടങ്ങിയതിന് ശേഷമുളള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണ് ഇത്. രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,29,28,574 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
685 പേരാണ് 24 മണിക്കൂറിനിടെ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,66,862 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുളളവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് നീങ്ങുകയാണ്. 9,10,319 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി 59,258 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,18,51,393 ആയി ഉയർന്നു.
രാജ്യത്ത് നിലവിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം ഒമ്പത് കോടി കടന്നു. 9,01,98,673 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിൽ ഇന്നലെ 59,907 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 6000 പേർക്കും ഗുജറാത്തിൽ 3500 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.