ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. ആദ്യ ഘട്ട വാക്‌സിൻ സ്വീകരിച്ച് 37 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി രണ്ടാം ഡോസ് കുത്തിവയ്‌പ്പെടുത്തത്. പഞ്ചാബിൽ നിന്നുളള നഴ്‌സ് നിഷ ശർമ്മയാണ് പ്രധാനമന്ത്രിക്ക് വാക്‌സിൻ കുത്തിവച്ചത്. ആദ്യ ഡോസ് കുത്തിവച്ച നഴ്‌സ് പുതുച്ചേരി സ്വദേശിനി പി.നിവേദയും ഒപ്പമുണ്ടായിരുന്നു.
'പ്രധാനമന്ത്രിയ്‌ക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകാനായി. അദ്ദേഹം ഞങ്ങളോട് സൗഹൃദത്തോടെ സംസാരിച്ചു.അദ്ദേഹത്തോടൊപ്പം ചിത്രങ്ങളെടുക്കാനുമായി. മറക്കാനാവാത്ത അനുഭവമാണിത്.' കുത്തിവയ്‌പ്പ് നൽകിയ നിഷ ശർമ്മ പറഞ്ഞു. 'ഞാനാണ് പ്രധാനമന്ത്രിക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. ഇന്ന് അദ്ദേഹത്തെ വീണ്ടും കാണാനും രണ്ടാം ഡോസ് വാക്‌സിൻ നൽകാനും സാധിച്ചു. വലിയ സന്തോഷമായി.' നിഷയ്‌ക്കൊപ്പമുണ്ടായിരുന്ന നഴ്‌സ് പി.നിവേദ പറഞ്ഞു.
നേരത്തെ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. 'എയിംസിൽ നിന്നും രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊവിഡ് വൈറസിനെ തുരത്താനുളള പല വഴികളിലൊന്നാണ് വാക്‌സിനേഷൻ. യോഗ്യരാണെങ്കിൽ നിങ്ങളും വൈകാതെ വാക്‌സിൻ കുത്തിവയ്‌പ്പെടുക്കുക.' പ്രധാനമന്ത്രി കുറിച്ചു.
മാർച്ച് ഒന്നിനായിരുന്നു പ്രധാനമന്ത്രി ഒന്നാം ഡോസ് കൊവാക്‌സിൻ സ്വീകരിച്ചത്. പി.നിവേദാണ് കുത്തിവയ്‌പ്പ് നടത്തിയത്. മലയാളി നഴ്‌സായ തൊടുപുഴ സ്വദേശിനി റോസമ്മ അന്ന് നിവേദയെ അനുഗമിച്ചു. രാജ്യത്ത് ഇതുവരെ ഒൻപത് കോടി ഡോസ് വാക്‌സിൻ കുത്തിവയ്‌പ്പ് നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 16നായിരുന്നു വാക്‌സിനേഷൻ ഇന്ത്യയിൽ ആരംഭിച്ചത്.