vvpat

കൊല്ലം : തിരഞ്ഞെടുപ്പ് കഴിഞ്ഞ് മടങ്ങും വഴി ബസിലിരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു കാര്യം മനസിലായത്, വോട്ടെല്ലാം മെഷീനിലായി ഇനി എന്തിന് വിവിപാറ്റ് സ്ളിപ്പുകൾ. വയറ്റിലെ മദ്യം തലയ്ക്ക് നൽകിയ വെളിവിൽ പെട്ടി ബസിൽ നിന്നും വലിച്ചൊരേറ്. വെളിയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് കല്ലുവാതുക്കൽ വിളവൂർക്കോണം സുരേഷ്‌കുമാറാണ് തിരഞ്ഞെടുപ്പിൽ പുതുമാതൃക തീർത്ത് സസ്‌പെൻഷൻ സ്വന്തമാക്കിയത്.

ചടയമംഗലം മണ്ഡലത്തിലെ ഉഗ്രംകുന്ന് സ്‌കൂൾ അമ്പലംകുന്ന് നെട്ടയം ബൂത്തുകളുടെ ചുമതലയുള്ള റൂട്ട് ഓഫീസറായിരുന്നു സുരേഷ് കുമാർ. ഇവിടങ്ങളിൽ വോട്ടീംഗ് പൂർത്തിയാക്കി രാത്രിയോടെ ഉദ്യോഗസ്ഥർ ബസിൽ സാധനങ്ങൾ തിരികെ ഏൽപ്പിക്കുന്ന കളക്ഷൻ സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് വെളിയത്ത് വച്ച് സുരേഷ് കുമാർ പെട്ടി വലിച്ചെറിഞ്ഞത്. ബസിൽ വച്ച് സുരേഷ്‌കുമാറിനോട് മുഖ്യ പോളിംഗ് ഓഫീസർ ബിന്ദു മോക്ക് പോളിംഗ് ചെയ്ത വോട്ടിന്റെ 70 വിവിപാറ്റ് സ്ളിപ്പുകൾ അടങ്ങിയ പെട്ടിയുടെ സീൽ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വനിത ഉദ്യോഗസ്ഥയുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന സുരേഷ് ഇതൊന്നും ഇനി ആവശ്യമില്ലെന്നു പറഞ്ഞ് പെട്ടി പുറത്തേയ്ക്ക് എറിയുകയായിരുന്നു. എന്നാൽ സുരേഷിന്റെ അറിവ് ബാക്കി ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. മൂന്ന് മണിക്കൂർ വെളിയം ഭാഗത്ത് തിരച്ചിൽ നടത്തിയിട്ടും പെട്ടി കണ്ടെത്താനായില്ല. ഇതിനിടയിൽ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, കളക്ടർ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കുകയും ചെയ്തു. കാണാതായ പെട്ടി പിറ്റേ ദിവസം രാവിലെ ഒരു വീടിന്റെ ടെറസിൽ നിന്നും ലഭിച്ചു.