തിരുവനന്തപുരം: വിളവൂർക്കൽ പെരുകാവ് കോണാകോട് സി പി എം- ബി ജെ പി പ്രവർത്തകർ ഏറ്റുമുട്ടി. ബി ജെ പി പ്രവർത്തകന്റെ ഗർഭിണിയായ ഭാര്യ ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
ബി ജെ പി - ആർ എസ് എസ് പ്രവർത്തകർ കളിസ്ഥലമായി ഉപയോഗിക്കുന്ന ഗ്രൗണ്ടിലേക്ക് വോട്ടെടുപ്പിന് തലേദിവസം ചില ഡി വൈ എഫ് ഐ, സി പി എം പ്രവർത്തകർ ബൈക്കിലെത്തിയതിനെ തുടർന്ന് വാക്കേറ്റമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. ഇതേ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു.
ഇന്നലെ രാത്രി പത്തുമണിയോടെ സ്ഥലത്തെ ബി ജെ പി പ്രവർത്തകനായ അജിത്തിന്റെ വീട്ടിൽ ഒരു സംഘം അതിക്രമിച്ചെത്തി വാതിൽ ചവിട്ടിത്തുറന്ന് അജിത്തിനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ച ഗർഭിണിയായ ഭാര്യ ശ്രീകലയെയും മാതാവ് ശ്രീവിദ്യയെയും മർദ്ദിച്ചു. ഇത് കണ്ട് ഓടിയെത്തിയ പിതാവ് രാജനും ബന്ധുവായ സൈനികൻ ശരത്തിനും മർദ്ദനമേറ്റു. ഇവരെ മലയിൻകീഴ് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീകലയെയും മാതാവ് ശ്രീവിദ്യയെയും വിശദ പരിശോധനയ്ക്കായി തൈയ്ക്കാട് ആശുപത്രിയിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് പ്രദേശവാസികൾ ഓടി കൂടിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി, ആർ എസ് എസ് പ്രവർത്തകരെന്ന് പറയപ്പെടുന്ന ഒരു വിഭാഗം സംഘടിച്ചെത്തി സി പി എം പെരുകാവ് ബ്രാഞ്ച് സെക്രട്ടറി സുധീറിന്റെ വീട് ആക്രമിച്ചത്. സുധീറിന്റെ വീടിന്റെ വാതിലും ജനാലകളും തല്ലി തകർത്ത സംഘം മാതാവ് വിശാലാക്ഷിയെമർദ്ദിച്ചു. സാരമായി പരിക്കേറ്റ വിശാലാക്ഷിയെ മലയിൻകീഴ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.