കൊൽക്കത്ത: രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ രോഗ പ്രതിരോധ നടപടികൾ ആലോചിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചു ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും യോഗമാണ് ഇന്ന് ചേരുക. ഇലക്ഷൻ പ്രചാരണ തിരക്കുകളുളളതിനാൽ യോഗത്തിൽ എത്താനാകില്ലെന്നും പകരം സംസ്ഥാന ചീഫ് സെക്രട്ടറി യോഗത്തിൽ പങ്കെടുക്കുമെന്ന് മമത അറിയിച്ചു.
പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുൻ യോഗത്തിലും മമതാ ബാനർജി പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് തിരക്കുകളുണ്ടെന്നാണ് അന്നും മമത അറിയിച്ചിരുന്നത്. ബംഗാളിൽ നാലാംഘട്ട തിരഞ്ഞെടുപ്പ് വൈകാതെ നടക്കും. മമതയുടെ തൃണമൂലിനെ തറപറ്റിച്ച് അധികാരം പിടിക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിനായി പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പടെ ബിജെപിയുടെ വലിയ നേതാക്കളെല്ലാം ശക്തമായ പ്രചാരണമാണ് ബംഗാളിൽ നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് മമതയുടെ ശ്രമം.
രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് കഴിഞ്ഞ ദിവസം 1.15 ലക്ഷം എത്തിയതോടെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചുചേർത്തത്. ഇന്നും കൊവിഡ് രൂക്ഷമാകുന്ന സൂചനയാണ് പുറത്തുവരുന്നത്. 1,26,789 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 1,29,28,574 പേർക്കാണ്. 685 പേർ മരണമടഞ്ഞതോടെ ആകെ മരണനിരക്ക് 1,66,862 ആയി. 12,37,781 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.
കൊവിഡ് നിയന്ത്രണവിധേയമാക്കാൻ അഞ്ച് മാർഗനിർദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്‌ച നൽകിയിരുന്നു.കൃത്യമായ പരിശോധന, രോഗമുളളവരെ ശരിയായി തിരിച്ചറിയുക, രോഗികളുടെ ചികിത്സ, കൊവിഡ് രോഗം നിയന്ത്രണ വിധേയമാക്കാൻ ഉതകുന്ന തരത്തിൽ ജനങ്ങളുടെ പെരുമാറ്റം, വാക്‌സിനേഷൻ എന്നിവയായിരുന്നു അത്.