തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെ തുടർന്നും, യുവാക്കളെ സ്വാധീനിക്കുവാനും മുമ്പില്ലാത്ത തരത്തിലാണ് ഡിജിറ്റൽ പ്രചാരണം സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ നടത്തിയത്. സ്മാർട് ഫോണിലൂടെ വിവിധ സമൂഹ മാദ്ധ്യമങ്ങളിൽ പണമൊഴുക്കിയാണ് പ്രചാരണം കൊഴുപ്പിച്ചത്. പാർട്ടി ആസ്ഥാനത്ത് ഐ ടി വിഭാഗത്തെ കൊണ്ട് വാർ റൂമുകൾ രൂപീകരിച്ചാണ് ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. എന്നാൽ പ്രചാരണത്തിനും അപ്പുറം തിരഞ്ഞെടുപ്പ് കഴിഞ്ഞും ടെക്‌നോളജിയെ കൂട്ട് പിടിക്കാൻ സി പി എം ശ്രമിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പോളിംഗ് കഴിഞ്ഞയുടൻ ബൂത്ത് ലെവലിൽ പ്രവർത്തിച്ച പ്രവർത്തകരോട് പോളിംഗ് ശതമാനത്തെക്കുറിച്ചും, അതിൽ പാർട്ടിക്ക് എത്ര വോട്ട് വീഴും എന്നതിനെ കുറിച്ചും മേൽത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്യുവാൻ ആപ്പ് തയ്യാറാക്കുകയാണ് സി പി എം ചെയ്തത്. പ്രവർത്തകരുടെ ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാനും, വോട്ടെടുപ്പ് കഴിഞ്ഞയുടൻ ഡാറ്റ അപ്‌ലോഡ് ചെയ്യാനുമാണ് ആവശ്യപ്പെട്ടത്. ഇത് പ്രാവർത്തികമായെങ്കിൽ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകം സംസ്ഥാന നേതൃത്വത്തിന് തിരഞ്ഞെടുപ്പ് ചിത്രം ലഭിക്കുമായിരുന്നു.
എന്നാൽ സി പി എം ഒരുക്കിയ ആപ് പദ്ധതി വേണ്ടത്ര വിജയിച്ചില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. പാർട്ടി അടിത്തട്ടിൽ ചുമതലയേൽപ്പിച്ച പലർക്കും ആപ്പ് ശരിയായി ഉപയോഗിക്കാനാവാത്തതാണ് കാരണം. ഫോണിൽ ആപ്പ് തുറക്കാൻ രഹസ്യകോഡുണ്ടായിരുന്നു. സാങ്കേതികവിദ്യയിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത പ്രവർത്തകർ ആപ്പ് പ്രവർത്തിക്കാൻ പരാജയപ്പെട്ടതാണ് സി പി എമ്മിന്റെ പദ്ധതി പൊളിച്ചത്.
സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രവർത്തകർ പ്രചാരണത്തിന്റെ ക്ഷീണമൊക്കെ മാറ്റി ഒന്നുരണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തങ്ങളുടെ ബൂത്തിലെ സാദ്ധ്യതകൾ മേൽഘടകത്തെ അറിയിക്കുന്നത്. എന്നാൽ ഇക്കുറി സി പി എം തയ്യാറാക്കി നൽകിയ ആപ്പിൽ തങ്ങളുടെ സ്ഥാനാർഥിക്ക് ലഭിക്കുന്ന ഉറച്ച വോട്ട്, ലഭിക്കാൻ സാദ്ധ്യതയുള്ള വോട്ട്, എതിരാളിക്ക് കിട്ടുന്ന വോട്ട്, വോട്ടുചെയ്യാത്തവർ എത്ര ഇതെല്ലാം രേഖപ്പെടുത്താൻ കഴിയും.