കാത്തി റോൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ് കൊൽക്കത്തയിലെ സ്ട്രീറ്റ് ഫുഡ് സ്പെഷ്യൽ കാത്തി റോൾ. നേരിട്ട് പോയി രുചിക്കാൻ കഴിയാത്തവർക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാത്തി റോൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് യുട്യൂബിലൂടെ കണ്ടറിയാം. ഇറച്ചി, മുട്ട, സോസുകൾ, മസാലകൾ, പച്ചക്കറികൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഈ കാത്തി റോൾ ഒരാൾക്ക് ഒറ്റയ്ക്ക് കഴിക്കാൻ കഴിയുമോ എന്നതുതന്നെ സംശയമാണ്. ഈ ഒരു റോൾ നാല് കാത്തി റോളിന്റെ അത്രയും വലിപ്പമുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ ചിക്കൻ എഗ് റോൾ കൊൽക്കത്തയിലെ ഗാരിയ ഹാറ്റിലെ ഒരു തട്ടുകടയിലാണ് ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 'ഇന്ത്യ ഈറ്റ് മീഡിയ' എന്ന പേജാണ് വീഡിയോ ഷെയർ ചെയ്തത്. വീഡിയോയിൽ നാല് റോൾ ഉണ്ടാക്കാവുന്ന മാവ് ഉപയോഗിച്ചാണ് 26 ഇഞ്ചുള്ള ഭീമൻ റോൾ ഉണ്ടാക്കുന്നത്. ഇതിനോടകം മൂവായിരത്തിലേറെപ്പേർ വീഡിയോ കണ്ടു. നിരവധി പേർ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 349 രൂപയാണ് ഈ ഭീമൻ ചിക്കൻ എഗ് റോളിന്റെ വില. മുട്ട, മിക്സഡ് പച്ചക്കറികൾ, മട്ടൻ കബാബ്, പനീർ ടിക്ക കബാബ്, ഷമി കബാബ്സ്, ചിക്കൻ സീഖ് കബാബ് എന്നിവയാണ് റോളിൽ ഫില്ലിംഗിനായി ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ വറുത്ത ഉള്ളി, ചീസ്, മസാലകൾ, സോസ്, മയൊണൈസ് എന്നിവയും ചേർത്തിട്ടുണ്ട്.
ഫ്ളൈയിംഗ് ദോശ
സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലെ ഇത്തരം വെറൈറ്റി ഭക്ഷണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മുമ്പും വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് മുംബൈയിലെ പറക്കും ദോശ. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്ന സ്ഥലമാണ് മുംബൈ തെരുവോരത്തെ ഭക്ഷണശാലകൾ. ജനക്കൂട്ടത്തെ ആകർഷിക്കാൻ നിരവധി പൊടിക്കൈകൾ ഇവിടത്തെ കച്ചവടക്കാർ ഉപയോഗിക്കാറുണ്ട്. സൗത്ത് മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലെ ശ്രീ ബാലാജി ദോശക്കടയിൽ നിന്നുള്ള ഒരു വീഡിയോ അടുത്തിടെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ആവി പറക്കുന്ന ദോശ വിളമ്പുന്ന രീതിയാണ് സവിശേഷത. 'ഫ്ലൈയിംഗ് ദോശ' അഥവാ പറക്കും ദോശകൾ എന്നാണ് ദോശകൾ അറിയപ്പെടുന്നത്. ദോശക്കല്ലിൽ നിന്ന് ദോശ നേരിട്ട് പ്ലേറ്റിലേക്ക് പറത്തിയാണ് വിളമ്പുന്നത്. ഉന്നം തെറ്റാതെ ദോശ പ്ലേറ്റിലെത്തിക്കുന്ന ഈ ദോശ വിൽപ്പനക്കാരന്റെ കഴിവിനെ കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചചെയ്തത്. വായുവിലൂടെ പറന്നാണ് ഉപഭോക്താവിന്റെ പ്ലേറ്റിലേക്ക് ദോശ നേരിട്ട് എത്തുന്നത്. 'Street Food Recipes' എന്ന ഫേസ്ബുക്ക് പേജ് ആണ് അന്ന് ഈ വീഡിയോ ഷെയർ ചെയ്തത്.
മോമോസ്
മോമോസ് ഇഷ്ടപ്പെടാത്തവർ കുറവാണ്. നിങ്ങളും ഒരു മോമോസ് പ്രിയനാണോ? ഇന്ത്യയിലെ ഏറ്റവും വലിയ മോമോ കഴിക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലെ? എങ്കിൽ നിങ്ങൾ നേരെ ഡൽഹിയിലേക്ക് വിട്ടോളൂ.
ഫുഡ് ബ്ലോഗ്ഗർ അക്ഷിത് ഗുപ്തയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മോമോസിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുത്തിയത്. ഡൽഹിയിലെ പട്ടേൽ നഗറിലുള്ള ഇൻഡി മോമോയാണ് ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള മോമോ തയ്യാറാക്കുന്നത്. ഖാനെ ക ബുക്കട് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് അക്ഷിത് ഗുപ്ത ഈ മോമോയെ ഭക്ഷണപ്രിയർക്ക് പരിചയപ്പെടുത്തിയത്.
പത്ത് സാധാരണ വലിപ്പമുള്ള മോമോകൾ ചേർത്ത് വച്ചാൽ എത്രയുണ്ടാകുമോ, അത്രയും വലുതാണ് ഇൻഡി മോമോയിലെ ഭീമൻ മോമോയും. അക്ഷിത് ഗുപ്ത പോസ്റ്റ് ചെയ്ത വീഡിയോയിൽ മൂന്ന് തരം സൈഡ് ഡിഷുകളോടൊപ്പം ലഭിക്കുന്ന മോമോയുടെ ഉള്ളിൽ നിറച്ച ഫില്ലിംഗ്സും കാണാൻ കഴിയും. സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന വീഡിയോയ്ക്ക് ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ലൈക്കും കമന്റും ലഭിച്ചിട്ടുണ്ട്. പതിന്നാലായിരത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും നേടി മുന്നേറുകയാണ് ഇൻഡി മോമോയിലെ ഭീമൻ മോമോയുടെ വീഡിയോ. എന്നാൽ, ഈ മോമോ മുഴുവൻ കഴിച്ചു തീർക്കാൻ ഏകദേശം രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് നിരവധിപ്പേർ കുറിച്ചിരിക്കുന്നത്.