sandeep-nair

കൊച്ചി: കളളപ്പണ കേസിലെ മൊഴികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹർജികൾക്കൊപ്പം ഹൈക്കോടതിയിൽ സമർപ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇ ഡി ഹാജരാക്കിയ മൊഴികൾക്ക് ഈ കേസിൽ യാതൊരു പ്രസക്തിയുമില്ലെന്നും സ്വകാര്യ അഭിഭാഷകൻ വഴി നൽകിയ ഹർജിയിൽ മൊഴികൾ ഉൾപ്പെടുത്തിയത് കുറ്റകരമെന്നും സർക്കാർ കോടതിയിൽ ആരോപിച്ചു.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത രണ്ട് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ഇ ഡിയുടെ ഹർജി കോടതി പരിഗണിക്കവെയാണ് സർക്കാർ വാദം. ഇ ഡി സമർപ്പിച്ച രണ്ട് ഹർജികളേയും എതിർത്തുകൊണ്ട് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ വാദം ഉന്നയിക്കുന്നത്. ഈ കേസുകളുടെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. അതിൽ ഇടപെടാൻ കോടതിക്ക് നിയമപരമായി കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. അതോടൊപ്പം സർക്കാരിന്റെ എതിർ സത്യവാങ്മൂലം കൂടി കോടതിയിൽ വന്നിട്ടുണ്ട്.

സന്ദീപ് നായരുടെ മൊഴിയിൽ നിന്നും മറ്റൊരു ഗൂഢാലോചനയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വപ്‌നസുരേഷിന്റെ പുറത്ത് വന്ന ശബ്‌ദരേഖയുമായി ബന്ധപ്പെട്ട് നേരത്തെ എടുത്ത എഫ് ഐ ആറും പിന്നീട് സന്ദീപ് നായർക്കെതിരെ എടുത്ത കേസും വ്യത്യസ്‌തമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.