imran-khan-

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ അവരുടെ വസ്ത്രധാരണത്തെ ബന്ധപ്പെടുത്തി സംസാരിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിവാദത്തിൽ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങളിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇമ്രാനെ ഇപ്പോൾ വെള്ളം കുടിപ്പിക്കുന്നത്.

ശക്തമായ നിയമങ്ങളാൽ മാത്രം വിജയിക്കാനാവാത്ത ചിലതുണ്ടെന്ന് പറഞ്ഞാണ് ഇമ്രാൻ ഖാൻ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത്. ഇസ്ലാമിലെ 'പർദ' എന്ന ആശയം തന്നെ പ്രലോഭനങ്ങൾ തടയുക എന്ന ഉദ്ദേശത്താലാണെന്ന് ഇമ്രാൻ പറഞ്ഞു. സ്വന്തമായി മനസിനെ നിയന്ത്രിക്കാൻ കഴിയാത്ത ധാരാളം ആളുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ലൈംഗിക അതിക്രമ കേസുകളുടെ വർദ്ധനവിന് കാരണമാകുന്ന അശ്ലീലതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുപതുകളിൽ ഇംഗ്ലണ്ടിൽ ക്രിക്കറ്റ് കളിക്കുവാൻ പോയ കാലത്തേയും അദ്ദേഹം ഓർത്തു. ലൈംഗികത, മയക്കുമരുന്ന് സംസ്‌കാരം അന്നേ അവിടെ ആരംഭിച്ചിരുന്നു. പാകിസ്ഥാനിലും ഇപ്പോൾ ലൈംഗിക അതിക്രമ കേസുകളുടെ വർദ്ധനവിന് കാരണം അശ്ലീലതയാണെന്ന് ഇമ്രാൻ ഖാൻ ആരോപിക്കുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾക്ക് പിന്നിലും ഇതാണ്.

പാകിസ്ഥാനിൽ ബലാത്സംഗ കേസുകളിൽ വൻ വർദ്ധനവാണുള്ളത്. ഓരോദിവസവും പതിനൊന്ന് ബലാത്സംഗ കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പാകിസ്ഥാൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ കുറ്റകൃത്യങ്ങളിൽ പിടിയിലാവുന്നവരിൽ 0.3 ശതമാനം പേർക്ക് മാത്രമാണ് ശിക്ഷ ലഭിക്കുന്നത്.