മികച്ച കഥാപാത്രങ്ങളിലൂടെ അന്യഭാഷയിൽ ശക്തമായ ചുവടുവയ്പ്പിന് ഫഹദ് ഫാസിൽ ഒരുങ്ങുന്നു. ലോകേഷ് കനകരാജിന്റെ കമൽഹാസൻ ചിത്രം വിക്രത്തിലും അല്ലു അർജുന്റെ തെലുങ്ക് ചിത്രം പുഷ്പയിലും നിർണായക വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. ശിവകാർത്തികേയന്റെ വേലയ്ക്കാരനിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഫഹദ് വിജയ് സേതുപതിക്കൊപ്പം സൂപ്പർ ഡീലക് സിലും അഭിനയിച്ചു. എന്നാൽ ഈ ചിത്രങ്ങളിലൊന്നും ശക്തമായ വേഷമായിരുന്നില്ല. മുൻപ് മണിരത്നത്തിന്റെ സിനിമയിൽനിന്ന് അവസരം വന്നപ്പോൾപോലും ഫഹദ് മാറിനിന്നിരുന്നു. എന്നാൽ ഇപ്പോൾ അന്യഭാഷ സിനിമകൾക്ക് ഏറെ പ്രാതിനിധ്യം നൽകുന്നുണ്ട്. വൈകാതെ ഫഹദ് ബോളിവുഡ് സിനിമയിൽ അഭിനയിക്കുമെന്നാണ് കരുതുന്നത്. തന്റെ ഹിന്ദി നന്നായാൽ മാത്രമേ ബോളിവുഡിൽ പോവുകയുള്ളുവെന്നും അതിന് അധികം താമസം വേണ്ടിവരില്ലെന്നും അടുത്തിടെ ഫഹദ് പറഞ്ഞിരുന്നു. കൈതി, മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിൽ പ്രതിനായകവേഷത്തിലാണ് ഫഹദ് എത്തുക എന്ന വാർത്തകൾ ഉണ്ടായെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കമലിന്റെ 232-ാം ചിത്രം എന്ന പ്രത്യേകതയുണ്ട് വിക്രത്തിന്. കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ്കമൽ ഫിലിംസാണ് വിക്രം നിർമിക്കുന്നത്. ആരാധകർ ഏറെ ആവേശത്തിൽ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. കള്ളക്കടത്തുകാരൻ പുഷ്പരാജിന്റെ വേഷത്തിലാണ് അല്ലു. അര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്കുശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തിൽ വില്ലൻ വേഷമാണ് ഫഹദിന്. തെലുങ്കിനൊപ്പം, തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. രശ്കമിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ഒടിടി റിലീസായി എത്തിയ ജോജിയാണ് മലയാളത്തിൽ ഫഹദിന്റെ പുതിയ ചിത്രം. ജോജി എന്ന കഥാപാത്രത്തിന്റെ പൂർണത ഫഹദ് എന്ന നടന്റെ കൈയിൽ ഭദ്രമായിരുന്നുവെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.