കണ്ണൂർ: മൻസൂർ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഇസ്‌മായിലിനാണ് അന്വേഷണ ചുതമല. അന്വേഷണസംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. പൊലീസ് കമ്മിഷണർ ആർ ഇളങ്കോയാണ് ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം പ്രതികളെ കണ്ടുപിടിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ശേഷം വിലാപയാത്രയ്‌ക്കിടെയുണ്ടായ അനിഷ്‌ട സംഭവങ്ങളും പൊലീസ് അന്വേഷിക്കും.
മൻസൂർ വധത്തിൽ കസ്റ്റഡിയിലായ സി പി എം പ്രവർത്തകൻ ഷിനോസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് കിട്ടിയ വാളുപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമികളുടെ കയ്യിൽ നിന്നും വീണുപോയ ആയുധമാകാമെന്നും പൊലീസ് പറയുന്നു. അതേസമയം, വിലാപയാത്രയ്‌ക്കിടെ സി പി എം ഓഫീസുകൾ തകർത്ത സംഭവത്തിൽ ഇരുപത്തിയൊന്നോളം ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലടുത്തിട്ടുണ്ട്.
വോട്ടെടുപ്പിന് പിന്നാലെയാണ് കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലാണ് എന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്.