strong-room

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ദിവസം പിന്നിടുമ്പോൾ,​ ജില്ലയിൽ എത്ര സീറ്റ് ലഭിക്കുമെന്ന് ഉറപ്പിക്കാനാകാതെ മൂന്ന് മുന്നണികളും തല പുകയ്ക്കൽ തുടരുന്നു. കഴിഞ്ഞ തവണ 14ൽ 10 സീറ്റും നേടിയ ഇടതുമുന്നണി ചരിത്രം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാൽ, തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലുള്ള ഈസി വാക്കോവർ ഇല്ലെന്ന് എൽ.ഡി.എഫ് രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്. അതിന് കാരണം ജില്ലയിലെ പുതിയ രാഷ്ട്രീയസാഹചര്യമാണ്. മുമ്പെങ്ങുമില്ലാത്ത ത്രികോണ മത്സരത്തിനാണ് ജില്ല സാക്ഷ്യം വഹിച്ചത്. മാത്രമല്ല 2016നെക്കാൾ പോളിംഗ് ശതമാനം കുറഞ്ഞതും മുന്നണികളെ ആശങ്കപ്പെടുത്തുന്നു.

 ത്രികോണപ്പോരിൽ ആര് നേടും?​

വട്ടിയൂർക്കാവ്,​ തിരുവനന്തപുരം സെൻട്രൽ,​ നേമം,​ കാട്ടാക്കട,​ കഴക്കൂട്ടം,​ കോവളം,​ പാറശാല എന്നിവിടങ്ങളിലാണ് ശക്തമായ ത്രികോണ മത്സരം നടന്നത്. വട്ടിയൂർക്കാവിൽ യുവരക്തവും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ വി.കെ. പ്രശാന്തിന്റെ വിജയം ഇടതുമുന്നണി ഉറപ്പിക്കുന്നു. എം.എൽ.എ ആയിരുന്ന പ്രശാന്തിനെ ജനം കൈവിടില്ലെന്ന് തന്നെ എൽ.ഡി.എഫ് ഉറച്ചു വിശ്വസിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ഭൂരിപക്ഷം അൽപം കുറഞ്ഞാലും വിജയം ഉറപ്പാണെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഡോ.എസ്.എസ്.ലാൽ ഉണ്ടെങ്കിലും മത്സരം എൽ.ഡി.എഫും ബി.ജെ.​പിയുടെ ശോഭാ സുരേന്ദ്രനും തമ്മിലായിരുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ വാദം.

സിറ്റിംഗ് സീറ്റുകളായ നെയ്യാറ്റിൻകര,​ ചിറയിൻകീഴ്,​ ആറ്റിങ്ങൽ,​ വർക്കല,​ നെടുമങ്ങാട്,​ വാമനപുരം എന്നിവയും ഇടതുമുന്നണി ഉറപ്പിക്കുന്നു. വർക്കലയിൽ പക്ഷേ,​ വലിയൊരു വിജയം എൽ.ഡി.എഫ് കണക്ക് കൂട്ടുന്നില്ല. കഴിഞ്ഞ തവണ സി.പി.എമ്മിലെ വി.ജോയി കോൺഗ്രസിലെ വർക്കല കഹാറിൽ നിന്ന് സീറ്ര് തിരിച്ചുപിടിച്ചത് 2386 വോട്ടിനാണ്. അതിനാൽ തന്നെ ഇത്തവണ ആര് ജയിച്ചാലും ഭൂരിപക്ഷം കുറയുമെന്ന സൂചനകളാണുള്ളത്. കോൺഗ്രസിലെ ബി.ആർ.എം ഷെറീഫ് കടുത്ത പോരാട്ടമാണ് ഇവിടെ നടത്തിയത്. 1,31,159 വോട്ടാണ് ഇത്തവണ ആകെ പോൾ ചെയ്തത്. പോസ്റ്രൽ ബാലറ്ര് കൂടി കണക്കിലെടുക്കുമ്പോൾ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം കൂടും. 55,000 വോട്ട് പിടിക്കുന്ന മുന്നണി ജയിക്കാനാണ് സാദ്ധ്യത .ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 42,​335 വോട്ട് മാത്രം കിട്ടിയപ്പോൾ യു.ഡി.എഫിന് 48019 വോട്ട് കിട്ടിയിരുന്നു.എസ്. ഡി.പി.ഐയും സ്ഥാനാർത്ഥിയെ നിറുത്തിയിട്ടില്ല. അവരുടെ വോട്ടും നിർണായകമാണ്.

അതേസമയം,​ നേമം,​ കോവളം,​ തിരുവനന്തപുരം എന്നിവിടങ്ങളിൽ അട്ടിമറി വിജയമാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. നേമത്ത് വിജയം ഉറപ്പാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി പറഞ്ഞു. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ കാട്ടാക്കട മണ്ഡലത്തിൽ സ്ഥിതി പക്ഷേ,​ പ്രവചനാതീതമാണ്. കഴിഞ്ഞ തവണ കേവലം 871 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. ബി.ജെ.പി സ്ഥാനാർത്ഥിയായി പി.കെ. കൃഷ്‌ണദാസ് എത്തിയതോടെ മണ്ഡലത്തിലെ സ്ഥിതി മാറിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായെങ്കിലും വോട്ട് ബി.ജെ.പിക്ക് 38,​800 വോട്ട് ലഭിച്ചിരുന്നു. 12,​000 വോട്ട്കൂടി കിട്ടിയാൽ ഇക്കുറി ജയം ഉറപ്പാണെന്ന് കൃഷ്ണദാസ് പറയുന്നു. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി മലയിൻകീഴ് വേണുഗോപാൽ ഉണ്ടെങ്കിലും കോൺഗ്രസിന് വിജയപ്രതീക്ഷ അത്ര പോര.

ആദ്യഘട്ടം മുതൽ ഉണ്ടായ മുന്നേറ്റം അവസാനം വരെ നിലനിറുത്താനായത് വിജയപ്രതീക്ഷ നൽകുന്നുവെന്ന് നെടുമങ്ങാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ.അനിൽ പറഞ്ഞു. എല്ലാ മേഖലയിൽ നിന്നും വോട്ട് ലഭിച്ചിട്ടുണ്ട്.എല്ലാ പഞ്ചായത്തുകളിലും ലീഡ് നേടും.11,000 വോട്ടിൽ കുറയാത്ത ഭൂരിപക്ഷം കിട്ടുമെന്നാണ് അനിൽ പറയുന്നത്.

അരുവിക്കര,​ കോവളം,​ തിരുവനന്തപുരം എന്നിവ തങ്ങൾക്ക് ഉറപ്പാണെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. മൂന്നും അവരുടെ സിറ്റിംഗ് സീറ്റുകൾ ആണെന്ന സവിശേഷതയുമുണ്ട്. ഇതിനൊപ്പം ചിറയിൻകീഴ്,​ വാമനപുരം,​ വട്ടിയൂർക്കാവ്,​ നേമം,​ നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ അട്ടിമറിയും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. അരുവിക്കരയിൽ നല്ല മാർജിനിൽ ജയിക്കുമെന്നാണ് നിലവിലെ സൂചനകളെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ പറഞ്ഞു. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വളരെ ചിട്ടയോടെ നടത്താൻ കഴിഞ്ഞു. പൊതുവിലുള്ള രാഷ്ട്രീയ അന്തരീക്ഷവും അനുകൂലമായിരുന്നെന്നും ശബരിനാഥൻ പറഞ്ഞു. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിച്ചിട്ടില്ലെങ്കിൽ നേരിയ മുൻതൂക്കം കിട്ടുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫന്റെ അഭിപ്രായം. ചിലയിടങ്ങളിൽ വോട്ടുമറിക്കൽ നടന്നതായും അദ്ദേഹം പറയുന്നു.

 എൻ.ഡി.എയ്ക്ക് ഏതൊക്ക?​

തലസ്ഥാന നഗരം തങ്ങളെ പിന്തുണയ്ക്കുമെന്ന വിശ്വാസമാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്കുള്ളത്. സിറ്റിംഗ് സീറ്റായ നേമത്തെ കൂടാതെ തിരുവനന്തപുരം,​ വട്ടിയൂർക്കാവ്,​ കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാറിന്റെ താരപ്രഭാവം അനുകൂലമായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ബി.ജെ.പിക്കുള്ളത്.

നേമത്ത് 10,​000 വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ അവകാശപ്പെടുന്നത്. പോസ്റ്രൽ വോട്ടുകൾ ഉൾപ്പെടെ 1,​45,​000 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.ഇതിൽ 57,000 മുതൽ 63,000 വരെ വോട്ടുകൾ കിട്ടുമെന്നാണ് കുമ്മനം രാജശേഖരന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ഒ. രാജഗോപാലിന് 68,000 വോട്ടുകളാണ് ലഭിച്ചത്. സി.പി.എമ്മിന് 50,000 കടക്കാൻ കഴിയില്ലെന്നും ബി.ജെ.പി പറയുന്നു. യു.ഡി.എഫിന് 28,000 മുതൽ 33,000 വരെ വോട്ട് കിട്ടുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.​ ബി.ജെ.പിയുടെ വോട്ടുകൾ ഭിന്നിച്ചിട്ടില്ലെന്നും മുസ്ലിം സമുദായത്തിന്റെ വോട്ടുകൾ മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും ലഭിച്ചുവെന്നുമാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.

എന്നാൽ,​ യു.ഡി.എഫ് ആകട്ടെ ഇവിടെ അട്ടിമറി വിജയം ഉറപ്പാണെന്ന് വ്യക്തമാക്കുന്നു. 50,000 ൽ അധികം വോട്ട് നേടി കെ. മുരളീധരൻ ഒന്നാം സ്ഥാനത്ത് എത്തുമെന്നും യു. ഡി.എഫ് അവകാശപ്പെടുന്നു. മുന്നാക്ക വിഭാഗത്തിലെയും ന്യൂനപക്ഷവിഭാഗത്തിലെയും 60 ശതമാനം വോട്ട് തനിക്ക് കിട്ടുമെന്ന് മുരളീധരൻ പറഞ്ഞു.

 പോളിംഗിൽ മുന്നിൽ ഈ മണ്ഡലങ്ങൾ

ഏറ്റവുമധികം വോട്ട് പോൾ ചെയ്യപ്പെട്ടത് പാറശാലയിലാണ്. 1,58,​727 വോട്ടുകൾ. കോവളം (1,55,​112), നെടുമങ്ങാട് (1,48,​448), നേമം (1,42,​578), ആറ്റിങ്ങൽ (1,42,​569) എന്നിവയാണ് കൂടുതൽ വോട്ടുകൾ പോൾ ചെയ്ത ജില്ലയിലെ മറ്റ് മണ്ഡലങ്ങൾ. സ്ത്രീ വോട്ടുകൾ ഏറ്റവുമധികം പോൾ ചെയ്യപ്പെട്ടത് പാറശാല (80520), ആറ്റിങ്ങൽ (1,​42​,​​578), ചിറയിൻകീഴ് (77,​515). താരമണ്ഡലങ്ങളായ നേമം,​ കഴക്കൂട്ടം മണ്ഡലങ്ങളിലും പോളിംഗ് താഴ്ന്നിട്ടുണ്ട്. നേമത്ത് 2016നെ അപേക്ഷിച്ച് പോളിംഗിൽ 4.43 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴക്കൂട്ടത്ത് ഇത് 4.09 ശതമാനമാണ് പോളിംഗിലെ കുറവ്.