ചെന്നൈ : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ പ്രതിരോധ പ്രവർത്തനമെന്നോണം നിയന്ത്രണങ്ങളേർപ്പെടുത്തി അയൽസംസ്ഥാനമായ തമിഴ്നാട് ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രിൽ പത്തുമുതൽ ആരാധനാലയങ്ങളിൽ ആളെക്കൂട്ടുന്ന ഉത്സവങ്ങൾ മറ്റു മതപരമായ ചടങ്ങുകൾ എന്നിവ നിരോധിച്ചു. ചെന്നൈ നഗരത്തിലെ മൊത്ത വ്യാപാര മാർക്കറ്റായ കോയമ്പേടിൽ കച്ചവടക്കാർക്ക് മാത്രമേ പ്രവേശിക്കാനാവൂ. ചെറുകിട വ്യാപാരത്തിന് ഇവിടെ നിയന്ത്രണമേർപ്പെടുത്തി.
പൊതു ഇടങ്ങളിലെന്നപോലെ വ്യാപാര സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്രൂട്ട്, വെജിറ്റബിൾ ഷോപ്പുകൾ, ഷോപ്പിംഗ് മാളുകൾ, ജ്വല്ലറി എന്നിവയിൽ 11% വരെ 50% ആളുകളെ മാത്രമേ പ്രവേശിപ്പിച്ച് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളു. ഹോട്ടലുകളിലും ചായക്കടകളിലും ആകെയുള്ള സീറ്റുകളിൽ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളു. ഇതു കൂടാതെ രാത്രി പതിനൊന്ന് മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കുവാനും പാടില്ല.
ക്ലബ്ബുകൾ, പാർക്കുകൾ, മ്യൂസിയം, മൃഗശാല തുടങ്ങിയ വിനോദ സ്ഥലങ്ങളിലും ആകെ ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളു. തിയേറ്ററുകളിലും ഇത് ബാധകമാണ്. ഇതുപോലെ ആഡിറ്റോറിയങ്ങളിലും ഇൻഡോർ സ്‌റ്റേഡിയങ്ങളിലും നടക്കുന്ന സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, വിനോദം, കായിക, സാംസ്‌കാരിക പരിപാടികളിൽ പരമാവധി 200 പേർക്ക് മാത്രമാണ് പ്രവേശനമുള്ളത്. ചെന്നൈ നഗരത്തിലും, ജില്ലകൾ തമ്മിലും ബന്ധിപ്പിച്ച് കൊണ്ടുള്ള ബസ് സർവീസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്. വിവാഹ ചടങ്ങുകളിലും, മരണാനന്തര ചടങ്ങുകളിലും നൂറ് പേരിൽ കൂടുതൽ പങ്കെടുപ്പിക്കുന്നതിലും വിലക്കുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ 3986 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1459 കേസുകളും ചെന്നൈയിലാണ്. പതിനേഴ് പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.