kk

സർവനിയന്ത്രണങ്ങളും തകർത്ത് രാജ്യത്ത് കൊവിഡ് വ്യാപനം ഭീതിദമാം വിധത്തിൽ കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസവും രോഗികൾ ലക്ഷം കടന്നു. ബുധനാഴ്ച മാത്രം 1.26 ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ആദ്യം കൊവിഡ് രാജ്യത്തു പ്രത്യക്ഷപ്പെട്ടതിനുശേഷം ഇന്നേവരെ ഉണ്ടായതിൽ വച്ചേറ്റവും ഉയർന്ന രോഗവ്യാപനമാണിത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളെയും ആരോഗ്യ സംവിധാനങ്ങളെയും കഠിനമായി പരീക്ഷിക്കുന്ന സംഭവവികാസമാണിത്. ഈ വർഷാരംഭത്തിൽ രാജ്യമൊട്ടുക്കും കൊവിഡ് രോഗികളുടെ സംഖ്യ വളരെയധികം കുറഞ്ഞിരുന്നതാണ്. പൊടുന്നനെയാണ് സ്ഥിതി വീണ്ടും വഷളാകാൻ തുടങ്ങിയത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ പൊതുവേ ഉണ്ടായ വിവേകശൂന്യമായ ലംഘനങ്ങളാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പിന്നിലാണ്. അതുകൊണ്ടുതന്നെ ഏറ്റവുമധികം രോഗികളും കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയിലാണ്. ബുധനാഴ്ച രാജ്യത്ത് ആകെ ഉണ്ടായ 1.26 ലക്ഷം കൊവിഡ് കേസുകളിൽ പകുതിയോളം മഹാരാഷ്ട്രയിലാണ്. കൂടുതൽ മരണവും അവിടെത്തന്നെ.

പ്രതിരോധ കുത്തിവയ്പിലാണ് രാജ്യത്തിന്റെ പ്രതീക്ഷ കുടികൊള്ളുന്നത്. എന്നാൽ ജനസംഖ്യയിൽ കേവലം പത്തുശതമാനത്തിൽ മാത്രമേ ഇതിനകം വാക്സിൻ എത്തിയിട്ടുള്ളൂ എന്നോർക്കുമ്പോൾ ദൗത്യം അതീവ ശ്രമകരമായിത്തന്നെ ശേഷിക്കുകയാണ്. 45 വയസിനു മുകളിലുള്ളവരിൽ മാത്രമായി കുത്തിവയ്പ് ഒതുങ്ങിനിൽക്കുന്നതും രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

ഇതിനിടെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലിടങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള കേന്ദ്ര തീരുമാനം ഔചിത്യപൂർണമാണ്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള വലിയ സ്ഥാപനങ്ങളിൽ വാക്സിൻ ക്യാമ്പുകൾ സംഘടിപ്പിക്കും. ഈ മാസം 11 മുതൽ ഇത് നടപ്പാകും. ഇവിടങ്ങളിൽ 45-നുമേൽ പ്രായമുള്ള എല്ലാവർക്കും കുത്തിവയ്പു നൽകാനാണു തീരുമാനം. ആശുപത്രികളും ക്ലിനിക്കുകളും കേന്ദ്രീകരിച്ച് ഇപ്പോൾ നടന്നുവരുന്ന വാക്സിനേഷൻ യജ്ഞത്തിനു പുറമേ നടപ്പാക്കുന്ന പുതിയ സംവിധാനം പൂർണമായും പ്രാവർത്തികമാകുന്നതോടെ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കും. നൂറുപേരുണ്ടെങ്കിലേ തൊഴിലിടങ്ങളിൽ വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കൂ എന്ന നിബന്ധനയും മാറ്റേണ്ടതുണ്ട്.

വാക്സിൻ ലഭ്യതയെച്ചൊല്ലി ചില സംസ്ഥാനങ്ങൾ ഉന്നയിച്ച പരാതികൾ അടിസ്ഥാനമില്ലാത്തതെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പമന്ത്രി ഹർഷവർദ്ധൻ പറയുന്നത്. വാക്സിന് ഒരു ക്ഷാമവുമില്ലെന്നും മതിയായ സ്റ്റോക്ക് ഉണ്ടെന്നും അദ്ദേഹം തറപ്പിച്ചു പറയുമ്പോൾ അത് അവിശ്വസിക്കേണ്ട കാര്യമില്ല. ഈ വിഷയത്തിൽ രാഷ്ട്രീയം കടത്തി വെറുതെ വിവാദങ്ങളുണ്ടാക്കാതെ എങ്ങനെ ഇപ്പോഴത്തെ പരീക്ഷണഘട്ടം കടക്കാനാകുമെന്നാണ് ചിന്തിക്കേണ്ടത്.

നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേരളവും രോഗവ്യാപന ഭീതിയിലാണിപ്പോൾ. അടുത്ത ഒരാഴ്ച നിർണായകമാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മുൻകരുതലും ജാഗ്രതയും കടുപ്പിക്കാൻ തീരുമാനമെടുത്തുകഴിഞ്ഞു. നിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലുമൊക്കെ പരിശോധനകൾ ശക്തമാക്കാൻ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

ഒൻപതു ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന ഹയർ സെക്കൻഡറി - എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സംസ്ഥാനത്ത് ഇന്നലെ തുടക്കമിട്ടു കഴിഞ്ഞു. ഏറെ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും പരീക്ഷ പൂർത്തിയാകും വരെ ഭീതിയുടെയും ഉത്കണ്ഠയുടെയും നടുവിലായിരിക്കും ആ കുടുംബങ്ങൾ. കൂടുതൽ പരിശോധനകൾ നടത്തുന്നതിനൊപ്പം വാക്സിനേഷൻ തോത് വർദ്ധിപ്പിക്കാനുള്ള നടപടിയും ആവശ്യമായി വന്നിട്ടുണ്ട്. എല്ലാറ്റിനും പുറമെ നിയന്ത്രണങ്ങൾ സ്വയം പാലിക്കുക എന്നതു മാത്രമാണ് രോഗവ്യാപനം കുറയ്ക്കാനുള്ള ഏക മാർഗം.