ന്യൂഡൽഹി : അടുത്തിടെ ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 22 ഇന്ത്യൻ ജവാൻമാർക്ക് വീരമൃത്യു വരിക്കേണ്ടി വന്നു. ആധുനികമായ ആയുധങ്ങളും, കൃത്യമായ പരിശീലനങ്ങളും ഉണ്ടെങ്കിലും വർഷങ്ങളോളം പരിശ്രമിച്ചിട്ടും മാവോയിസ്റ്റുകളെ ഇന്ത്യൻ മണ്ണിൽ അവസാനിപ്പിക്കുവാൻ കഴിയാത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. എന്നാൽ കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ തണലിൽ ദുർബലരെന്ന് കരുതുന്ന കാട്ടിലൂടെ അലയുന്ന ഒരു കൂട്ടമാണ് മാവോയിസ്റ്റുകൾ എന്ന് കരുതുന്നിടത്താണ് ഈ ചോദ്യം ഉയരുന്നതെന്നതാണ് സത്യം. കൃത്യമായ ആശയവിനിമയ സംവിധാനങ്ങളും, സമ്പത്തും,ആധുനിക ആയുധങ്ങളും കരസ്ഥമാക്കിയ എന്തിനും പോരുന്ന ഒരു സംവിധാനം ഇവർക്ക് പിന്നിലുണ്ടെന്നതാണ് സത്യം.
ആയുധവും സമ്പത്തും
ഇടയ്ക്കിടെ ഇന്ത്യൻ പാരാമിലിട്ടറി നടത്തുന്ന ഓപ്പറേഷനുകളിൽ വിവിധ ഇടങ്ങളിൽ നിന്നും മാവോയിസ്റ്റുകളുടെ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് മുൻപ് ജാർഖണ്ഡിൽ നിന്നും കണ്ടെടുത്തത് സേനാവിഭാഗങ്ങളുടെ കൈവശമിരിക്കുന്ന തരത്തിലുള്ള പ്രഹര ശേഷിയുള്ള ആയുധങ്ങളായിരുന്നു. പത്തോളം 303 റൈഫിളുകൾ, ഡിറ്റണേറ്ററുകൾ, 269 റൗണ്ട് ലൈവ് ബുള്ളറ്റുകൾ, 12 കിലോ സ്‌ഫോടകവസ്തു, കൂടാതെ ലക്ഷക്കണക്കിന് രൂപ എന്നിവയായിരുന്നു പിടികൂടിയത്. ലക്ഷങ്ങൾ വിലയുള്ള ആയുധങ്ങൾ സ്വന്തമാക്കുവാൻ മാവോയിസ്റ്റുകളെ സഹായിക്കുന്നത് ആരാണെന്നതാണ് മറ്റൊരു ചോദ്യം. ചൈന നേപ്പാൾ വഴി മാവോയിസ്റ്റുകളെ കൈയയച്ച് സഹായിക്കുന്നു എന്ന രഹസ്യ റിപ്പോർട്ടുകൾ പലകുറി മാദ്ധ്യമങ്ങളിൽ വെളിച്ചം കണ്ടുവെങ്കിലും ഇന്ത്യയിൽ നിന്നും അവർക്ക് വേണ്ട സഹായങ്ങൾ ലഭിക്കുന്നു എന്നതാണ് സത്യം. ഇത്തരം അന്വേഷണങ്ങൾ ചെന്നെത്തുന്നത് അർബൻ നക്സലുകൾ എന്ന് ഭരണകൂടം മുദ്രകുത്തിയിട്ടുള്ള ഒരു വിഭാഗത്തിലാണ്.
അർബൻ നക്സലുകൾ
ഇന്ത്യയിലെ മാവോയിസ്റ്റുകൾക്കും നക്സലുകൾക്കും വിവിധ ആവശ്യങ്ങൾക്കായി ഉദ്ദേശം 2000 കോടി രൂപയ്ക്കുമേൽ ഒരു വർഷം ആവശ്യമായി വരുന്നുണ്ട്. ഇത് വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. ആയുധങ്ങൾ വാങ്ങുന്നതിനാണ് ഇതിൽ സിംഹഭാഗവും ചിലവാക്കുന്നത്. ഇതു കൂടാതെ തങ്ങളുടെ ആശയങ്ങൾ നഗരങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി ചില ബുദ്ധിജീവികളെ വിലയ്‌ക്കെടുക്കുന്നതിനുമാണ്, പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനും, അവരെ പരിശീലിപ്പിക്കുന്നതിനും വലിയ അളവിൽ പണം ചിലവഴിക്കേണ്ടിവരുന്നു. ഇതിൽ ആയുധങ്ങൾ വാങ്ങുന്നത് മാത്രമായി 200 കോടിക്കു മുകളിൽ പണം ഇവർക്ക് ആവശ്യമായി വരുന്നു. ലഹരി വസ്തുക്കളുടെ ഉത്പാദനത്തിലൂടെയും നക്സൽ മാവോയിസ്റ്റ് സംഘങ്ങൾ പണം സമ്പാദിക്കുന്നുണ്ട്. കഞ്ചാവ് പൂക്കുന്ന മലയോരങ്ങളിൽ മാവോയിസ്റ്റ് സംഘങ്ങൾ ലഹരി മാഫിയയ്ക്ക് കുടപിടിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
കാടുകളിൽ പ്രവർത്തിക്കുന്നതിന് സമാനമായി നഗരപ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന പ്രചാരണ വിഭാഗത്തിനും കൃത്യമായ നെറ്റുവർക്കുകൾ ഉണ്ട്. നഗരങ്ങളിലെ ബുദ്ധി കേന്ദ്രങ്ങളും സാമ്പത്തിക കേന്ദ്രങ്ങളും ഇവർക്കുണ്ട്. പ്രത്യക്ഷത്തിൽ ഇവരെ തിരിച്ചറിയാൻ കഴിയാത്തത് നഗരവും വനവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള മറ്റൊരു നെറ്റ്വർക്ക് ഇവർക്കുള്ളതു കൊണ്ട് മാത്രമാണ്. 2008 ൽ ഒരു യാത്രാ ഏജൻസി ഫണ്ടുകളും ആയുധങ്ങളും നക്സലൈറ്റുകളിലേക്ക് മാറ്റാൻ സഹായിക്കുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രാജ്യത്തെ പ്രധാന സാമ്പത്തിക ഇടനാഴികളായ സൂറത്ത് പൂനെ, ബംഗളൂരു കോയമ്പത്തൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നക്സൽ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം ശക്തമാണെന്ന് അന്വേഷണ ഏജൻസികൾ റിപ്പോർട്ടുകൾ നൽകിയിരുന്നു.