വാഷിംഗ്ടൺ: ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള പാലസ്തീനി അഭയാർത്ഥി ഏജൻസിയ്ക്കുള്ള സാമ്പത്തിക സഹായം പുനഃസ്ഥാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആദ്യ ഗഡുവായി 15 കോടി ഡോളർ ഏജൻസിക്ക് അനുവദിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.2018ൽ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് സാമ്പത്തിക സഹായം നിറുത്തലാക്കിയത്.പശ്ചിമേഷ്യയിലും പരിസര പ്രദേശങ്ങളിലുമായി കഴിയുന്ന അഭയാർത്ഥികൾക്ക് സഹായമെത്തിക്കുന്ന സംരംഭത്തിൽ അമേരിക്കൻ പങ്കാളിത്തം സ്വാഗതം ചെയ്യുന്നതായി ഏജൻസി കമ്മിഷണർ ജനറൽ ഫിലിപ് ലസാറിനി പറഞ്ഞു.
15 കോടിക്ക് പുറമെ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പാലസ്തീനികൾക്ക് 7.5 കോടി ഡോളർ പുനർനിർമാണത്തിനും ഒരു കോടി ഡോളർ സമാധാന പാലന പദ്ധതികൾക്കായും നൽകുമെന്നും അമേരിക്ക അറിയിച്ചു.
അധികാരത്തിലേറിയ ഉടൻ തന്നെ പാലസ്തീനികളുമായി ബന്ധം സ്ഥാപിക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധം നീക്കാനും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
@ ട്രംപിന് പ്രിയം ഇസ്രയേൽ
പാലസ്തീനുമായി ബന്ധം സ്ഥാപിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽപര്യപ്പെട്ടിരുന്നില്ല. ഇസ്രയേലുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിലായിരുന്നു ട്രംപ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഇതിനായി, ഇസ്രയേലിലെ യു.എസ് എംബസി ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവുമായും ട്രംപിന് അടുത്ത ബന്ധമുണ്ടായിരുന്നു. ട്രംപിന്റെ നേതൃത്വത്തിൽ ഭൂരിഭാഗം അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുകയും ചെയ്തിരുന്നു.ഇത് കൂടാതെ, പാലസ്തീൻ അതോറിറ്റിയുമായി എല്ലാ ബന്ധവും അവസാനിപ്പിക്കുകയും സാമ്പത്തിക സഹായം വിലക്കുകയും ചെയ്തു. ഇസ്രയേലുമായി പാലസ്തീൻ ചർച്ചകൾക്ക് സഹകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ, സ്വതന്ത്ര രാജ്യമെന്ന തങ്ങളുടെ ആവശ്യം നിരാകരിക്കുന്നതാണ് ഇസ്രയേൽ സമീപനമെന്നും അതിനോട് സഹകരിക്കാനാവില്ലെന്നും പാലസ്തീൻ വ്യക്തമാക്കിയിരുന്നു
@ വെസ്റ്റ് ബാങ്ക്, ഗാസ, ലബനാൻ, ജോർദാൻ എന്നിവടങ്ങളിലായി കഴിയുന്ന57 ലക്ഷം പാലസ്തീനികൾക്ക് സഹായവും മറ്റു സേവനങ്ങളും എത്തിച്ചുനൽകുക എന്നതാണ് പാലസ്തീൻ അഭയാർത്ഥി ഏജൻസിയുടെ മുഖ്യ ചുമതല. 1948ൽ ഇസ്രയേൽ പുറത്താക്കിയ ഏഴു ലക്ഷം പാലസ്തീനികളുടെ കുടുംബങ്ങൾക്കാണ് ഏജൻസി പ്രധാനമായും സഹായം നൽകുന്നത്.