nayattu-movie

തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പല തരം രാഷ്ട്രീയ കളികൾ മാദ്ധ്യമങ്ങൾ ജനസമക്ഷം എത്തിക്കാറുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അതിനൊരു ആമുഖത്തിന്റെ ആവശ്യം തന്നെയില്ല. പ്രത്യക്ഷത്തിൽ കാണുന്ന കാരണങ്ങൾക്ക് അപ്പുറത്തേക്ക് ജാതിവോട്ട് ബാങ്കിന് നമ്മുടെ രാജ്യത്തിൽ വലിയ പ്രാധാന്യം ഉണ്ട്. ത്രില്ലർ സ്വഭാവം ഉള്ള സിനിമയാണെങ്കിലും 'നായാട്ട്' കാണികളോട് പറയുന്നത് ഇത്തരം രാഷ്ട്രീയത്തിന്റെ കൂടെ കഥയാണ്.

സാധാരണക്കാരായ മൂന്ന് പൊലീസുകാരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു കേസ് വഴി ചിലരുമായുള്ള പ്രശ്നം പിന്നീട് മൂവരെയും ചെയ്യാത്ത തെറ്റിന് കുറ്റക്കാരാക്കുന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ അവർ പരക്കം പായുകയും പൊലീസിന്റെ തിരച്ചിലുമാണ് ചിത്രത്തിൽ കാണിക്കുന്നത്. അഭിനേതാക്കളുടെ വളരെയേറെ റിയലിസ്റ്റിക് ആയുള്ള അഭിനയമാണ് 'നായാട്ടി'നെ ആഴത്തിലുള്ള അനുഭവമാക്കി മാറ്റുന്നത്. കണ്ടും കേട്ടും പരിചയിച്ച രാഷ്ട്രീയ സാഹചര്യങ്ങളുടെ യഥാർത്ഥമായ ചിത്രമാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അതിന്റെ പിന്നാമ്പുറക്കാഴ്ചയെന്നോണം നീങ്ങുന്ന ചിത്രം മാദ്ധ്യമങ്ങൾ കാണിക്കുന്നത് വാസ്തവം ആയിക്കൊള്ളണമെന്നില്ല എന്നുള്ള സൂചനയും നൽകുന്നു.

nayattu-movie

കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷയും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങൾ തന്നെയാണ് ചിത്രത്തിനെ താങ്ങി നിർത്തുന്ന ഘടകം. ഇവർക്കായുള്ള പൊലീസ് തിരച്ചിൽ തുടക്കത്തിൽ ഉദ്വേഗം ജനിപ്പിച്ചുവെങ്കിലും പിന്നീടത് നിലനിർത്താൻ പാട്പെടുന്നുണ്ട്. അപ്പോഴും സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് അഭിനേതാക്കളാണ്. ചിത്രത്തിൽ തനിക്ക് എന്താണ് വേണ്ടത് എന്ന് കൃത്യമായി അറിയാവുന്ന സംവിധായകന്റെ ശരീരഭാഷ അഭിനേതാക്കളിലും പ്രതിഫലിക്കുന്നുണ്ട്.

nayattu-movie

ഒരു ആൾവേട്ടയെക്കാൾ 'നായാട്ടി'ൽ പറയുന്ന രാഷ്ട്രീയമാണ് പ്രസക്തമാകുന്നത്. തങ്ങളുടെ ഭാഗം നന്നാക്കാൻ ശരിക്കുള്ള ന്യായം മറക്കുന്ന മനുഷ്യരെ ചിത്രത്തിലുടനീളം കാണാം. വോട്ടിന്റെ രാഷ്ട്രീയം നമ്മൾ കാണുന്നത് മാത്രമല്ല എന്നും ചിത്രം പറയുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്ത് അന്ധയായ വോട്ടറിനെ കാണിച്ചു ജനങ്ങളുടെ ചിന്താരീതിയെയും ചിത്രം പരിഹസിക്കുന്നുണ്ട്.

ചെറിയ കഥാപാത്രങ്ങൾ മുതൽ പ്രധാന കഥാപാത്രങ്ങൾ ചെയ്ത കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ വരെ സ്വാഭാവികാഭിനയത്തിൽ മികച്ചു നിന്നു. അടുത്തിടെ മരണപ്പെട്ട മലയാളത്തിന്റെ പ്രീയ നടൻ അനിൽ നെടുമങ്ങാടും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വേഷമിട്ട ജാഫർ ഇടുക്കിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

nayattu-movie

ഷാഹി കബീറിന്റെ എഴുത്തും മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിന്റെയും കൃത്യമായ നിയന്ത്രണത്തിലാണ് ചിത്രം. ഷൈജു ഖാലിദിന്റെ കാമറ വർക്ക് സാധാരണമായിരുന്നു. യൂട്യൂബിൽ പുറത്തിറങ്ങിയ ഗാനങ്ങളിൽ ഒരെണ്ണം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ അനുഭവം കൂടുതൽ ആസ്വാദ്യമാക്കാൻ പശ്ചാത്തല സംഗീതം സഹായകമാകുന്നുണ്ട്.

ആദ്യാവസാനം മുൾമുനയിൽ നിറുത്തുന്ന ചിത്രമല്ല നായാട്ട്. അത്തരം പ്രതീക്ഷകൾ മാറ്റിവച്ചാൽ നല്ലൊരു അനുഭവമാകും ചിത്രം നൽകുക.

വാൽക്കഷണം: വോട്ടിന്റെ വേട്ട