കൊച്ചി: ഓൺലൈൻ റമ്മി ഗെയിമുകൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് സർക്കാർ പുറത്തിറക്കിയ വിജ്‌ഞാപനത്തിന് സ്‌റ്റേയില്ല. വിജ്‌ഞാപനം സ്‌റ്റേ ചെയ്യണമെന്നും സർക്കാർ നടപടി ശരിയല്ലെന്നും കാട്ടിയാണ് റമ്മി സർക്കിൾ, എംപിഎൽ എന്നീ കമ്പനികൾ ഹർജി നൽകിയത്. ഈ ഹർജിയാണ് ഹൈക്കോടതി തളളിയത്. ഇക്കാര്യത്തിൽ കൂടുതൽ വിശദമായ മറുപടി നൽകണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പണംവച്ചുളള റമ്മികളി ഒരുവിധത്തിലും അംഗീകരിക്കില്ലെന്നായിരുന്നു കോടതിയിൽ സർക്കാർ വാദം. ഫെബ്രുവരി 23നാണ് കേരള ഗെയിമിംഗ് ആക്‌ടിൽ മാറ്റംവരുത്തി പണംവച്ചുളള ഓൺലൈൻ റമ്മികളി സംസ്ഥാന സർക്കാർ നിരോധിച്ചത്. കേസിൽ കൂടുതൽ വിശദമായി കോടതിയെ വിവരം അറിയിക്കാൻ സമയം വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് അടുത്തമാസത്തിലേക്ക് കേസ് മാറ്റി. മേയ് 29നാണ് ഇനി കേസ് കോടതി പരിഗണിക്കുക. ഓൺലൈൻ റമ്മി കമ്പനികൾക്കായി മുകുൾ റോഹ്‌തഗി ഉൾപ്പടെ അഭിഭാഷകരാണ് കോടതിയിൽ ഹാജരായത്.