murukan-kattakkada

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേണ്ടി ഗാനങ്ങളെഴുതിയതിന് കവി മുരുകൻ കാട്ടാക്കടയ്‌ക്ക് വധഭീഷണി. വീട്ടിൽ വന്ന് ഇഞ്ചിഞ്ചായി കൊല്ലുമെന്നുള‌ള ഭീഷണിയെ തുടർന്ന് അദ്ദേഹം തിരുവനന്തപുരം റൂറൽ എസ്.പിയ്‌ക്കും സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിലും പരാതി നൽകി. ഫോണിലൂടെ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. 'മനുഷ്യനാകണം' എന്ന ഗാനത്തിൽ സ്‌നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്‌സിസം എന്ന് കുറിച്ചിരുന്നു. മാർക്‌സി‌സം എന്ന് എന്തിനെഴുതി എന്നുചോദിച്ചായിരുന്നു വധഭീഷണി. രാത്രിമുതൽ പുലരുവോളം ഫോൺ ചെയ്‌ത് ഭീഷണി തുടർന്നു.

നാടക രചയിതാവ് ഇ.കെ അയ്‌മുവിന്റെ ജീവിതം ചിത്രീകരിച്ച 'ചോപ്പ്' എന്ന ചലച്ചിത്രത്തിനായി മുരുകൻ കാട്ടാക്കട രചിച്ച ഗാനമാണ് 'മനുഷ്യനാകണം'. കവിയ്‌ക്ക് വധഭീഷണി വന്നതിൽ ഡി‌വൈ‌എഫ്‌ഐയും പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.