പാരിസ്: ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് കൊവിഡ് പശ്ചാത്തലത്തിൽ ഒരാഴ്ച വൈകും. മേയ് 23 നായിരുന്നു മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. പുതിയ തീരുമാനപ്രകാരം മേയ് 30 നേ ടൂർണമെന്റ് തുടങ്ങൂവെന്ന് അധികൃതർ വ്യക്തമാക്കി.
കൂടുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായാണ് മത്സരങ്ങൾ നീട്ടിയത്. 1000 പേർക്കായിരിക്കും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം നല്‍കുക.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനംമൂലം മേയ് മാസത്തിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് സെപ്റ്റംബറിലേക്ക് മാറ്റിയിരുന്നു. സ്‌പെയിനിന്റെ ഇതിഹാസ താരം റാഫേല്‍ നദാലാണ് അന്ന് പുരുഷ വിഭാഗത്തിൽ കിരീടം നേടിയത്. വനിതാ വിഭാഗത്തിൽ പോളണ്ടിന്റെ യുവതാരം ഇഗ ഷ്വാംടെക്കും.