federer

മാഡ്രിഡ്: സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം കളിമൺ കോർട്ടിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം നടക്കുന്ന മാഡ്രിഡ് ഓപ്പണിൽ 39 കാരനായ മുൻ ലോക ഒന്നാം നമ്പർ താരം കളിക്കും. 56 പേർ പങ്കെടുക്കുന്ന ടൂർണമെന്റ് മേയ് 2 മുതൽ 9 വരെയാണ്. നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ എന്നിവരും പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ വർഷം കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫെഡറർ ഈയിടെ ദോഹയിൽ നടന്ന ഖത്തർ ഓപ്പണിൽ പങ്കെടുത്തിരുന്നെങ്കിലും രണ്ടാം റൗണ്ടിൽ തന്നെ പുറത്തായി.

പിന്നീട് ടൂർണമെന്റുകളിൽ നിന്നും വിട്ടുനിന്ന ഫെഡറർ പരിശീലനത്തിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. 20 ഗ്രാൻസ്ലാം കിരീടങ്ങൾക്കുടമയായ ഫെഡറർ 2015 ന് ശേഷം ക്ലേ കോർട്ടിൽ കിരീടം നേടിയിട്ടില്ല.