ജക്കാർത്ത : വിവാഹം കഴിഞ്ഞ ശേഷമുള്ള റിസപ്ഷന് അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധൂവരൻമാരെയാവും നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ മേഖലയിൽ നിന്നുള്ള ഒരു യുവ ദമ്പതികളുടെ ഈ ചിത്രം അങ്ങനെയല്ല. അണിഞ്ഞൊരുങ്ങി വധു നിൽക്കുമ്പോൾ എഴുന്നേൽക്കാൻ പോലുമാവാതെ ഷോർട്ട്സ് ധരിച്ച് സിംഹാസനത്തിൽ ഇരിക്കുന്ന യുവാവിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞോടുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്ലാസ്റ്റർ ഒട്ടിച്ചും, ഒടിഞ്ഞ കൈ കെട്ടിവച്ചുമാണ് യുവാവിന്റെ ഇരിപ്പ്. എന്നാൽ ആഭരണങ്ങളണിഞ്ഞ് പരമ്പരാഗതമായ ജാവനീസ് വിവാഹ വസ്ത്രത്തിൽ അദ്ദേഹത്തിന്റെ മണവാട്ടി അരികിൽ ഇരിക്കുന്നതും ചിത്രത്തിൽ കാണാം.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന് പലവിധ കമന്റുകളാണ് വരുന്നത്. ശരിക്കും യുവാവിന് എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുന്നവർ മുതൽ, ഒരു വിവാഹം കഴിച്ചതാ... എന്ന് ഹാസ്യാത്മകമായി കമന്റിടുന്നവരും ഉണ്ട്. എന്തായാലും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിവസം വരന് പറ്റിയത് എന്താണെന്ന് വൈകാതെ നമുക്ക് അറിയാനായേക്കും. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ വൈറലായ ഈ ചിത്രത്തിന് 14,500 ലധികം ലൈക്കുകളും 2,500 ലധികം റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. ഈ മാസം രണ്ടാം തീയതിയാണ് ഇവർ വിവാഹിതരായതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങളിൽ നൽകുന്ന വിവരങ്ങളിൽ നിന്നും അറിയാനാവുന്നത്.