covid

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിനെ ചെറുക്കാനുള്ള പ്രതിരോധ വാക്‌സിൻ നൽകിയതിൽ മുൻപന്തിയിൽ കേരളം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനം പേർക്ക് കൊവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. ആറ് ശതമാനം വാക്സിനേഷനുമായി കർണാടകയാണ് കേരളത്തിന് പിന്നിലുള്ളത്. ആന്ധ്രാപ്രദേശ് (5%), തമിഴ്നാട് (4%) എന്നിങ്ങനെയാണ് വാക്സിനേഷന്റെ കണക്ക്. അതേസമയം, കൊവിഡിന്റെ രണ്ടാം വരവ് ശക്തമാകുന്നതിന് മുമ്പ് വാക്സിനേഷൻ ഡ്രൈവ് വേഗത്തിൽ ആക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.

10 ലക്ഷം പേരുടെ കണക്ക് എടുത്താൽ1.04 ലക്ഷം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. കർണാടകയിൽ ഇത് 63,645 ആന്ധ്രാപ്രദേശിൽ 53,985 ഉം ആണ്. കേരളത്തിന്റെ പകുതി പോലും വാക്സിൻ നൽകാൻ തമിഴ്നാടിനോ, തെലങ്കാനയ്ക്കോ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിൽ 39,825ഉം തെലങ്കാനയിൽ 35,313 പേർക്കുമാണ് വാക്സിൻ നൽകിയത്.


നിയമസഭാ വോട്ടെടുപ്പ് കഴിഞ്ഞതിനാൽ തന്നെ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടാനാണ് സാദ്ധ്യത. നിലവിൽ 60ന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. അതിനാൽ തന്നെ രോഗബാധയുടെ തീവ്രത കുറയാൻ ഇത് സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.

കേന്ദ്ര സർക്കാരിന്റെ കണക്ക് അനുസരിച്ച് കേരളത്തിൽ എറണാകുളം, കാസർകോട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ എന്നീ ജില്ലകളിൽ രോഗബാധ തീവ്രമാണ്. കണ്ണൂരിൽ കൂടുതൽ പേർ രോഗബാധിതരാകുന്നുവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. അതേസമയം, ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കൊവിഡ് ബാധിക്കുന്നുണ്ട്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചിരുന്നതാണ്. രണ്ടാമത്തെ ‌ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് രോഗബാധയുണ്ടായത് വാക്‌സിൻ നൽകുന്നത് വേഗത്തിൽ ആക്കണമെന്നതിന്റെ സൂചനയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ കഴിഞ്ഞ കുറെ ആഴ്ചകളായി കൊവിഡ് രോഗികളുടെ എണ്ണം 1800 നും 2300നും ഇടയിലാണ്. ഇന്നലെ 4,353 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 4000 കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് (ടി.പി.ആർ) വീണ്ടും 5ന് മുകളിലെത്തി. 6.81 ആണ് ഇന്നലത്തെ ടി.പി.ആർ. ഒരിടവേളയ്ക്ക് ശേഷമാണ് ടി.പി.ആർ വീണ്ടും അഞ്ച് ശതമാനത്തിന് മുകളിൽ എത്തുന്നത്.