sudha-

ബംഗളൂരു: ടി.വിയിൽ വാർത്ത ചാനൽ കാണുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനെ പിന്തുണച്ച മൂന്നു വയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 26കാരി.

ബംഗളൂരുവിലെ അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ സുധ (26) അറസ്റ്റിലായി. ടൈൽസ് കടയിൽ ഹൗസ്‌കീപ്പറായിരുന്നു ഇവർ.

പതിവുപോലെ ചൊവ്വാഴ്ചയും കൂലിപ്പണിക്കാരനായ ഈരണ്ണ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തി. സുധ വിളമ്പിയ ഭക്ഷണം കഴിക്കുന്നതിനിടെ ഈരണ്ണ ടി.വിയിൽ വാർത്താ ചാനൽ വച്ചു. എന്നാൽ മറ്റൊരു ചാനൽ കാണണമെന്ന് സംഭവം കണ്ടുനിന്ന മൂന്നു വയസുകാരി മകൾ അച്ഛനെ പിന്തുണയ്ക്കുകയും അമ്മയോട് മിണ്ടാതിരിക്കാൻ പറയുകയും ചെയ്തു. ഇതിൽ പ്രകോപിതയായ സുധ മകളെ ഇല്ലാതാക്കാൻ തീരുമാനിക്കുകയും രാത്രി തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവ് എം. പാട്ടീൽ പറഞ്ഞു.

തുടർന്ന് മകളെ കാണാനില്ലെന്ന് സുധ പൊലീസിൽ പരാതി നൽകി. മകളുമൊത്ത് പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പോയിരുന്നുവെന്നും ബിൽ പരിശോധിച്ച് പണം നൽകി തിരിഞ്ഞുനോക്കിയപ്പോൾ കുട്ടിയെ കാണാതായെന്നുമാണ് സുധ പൊലീസിനോട് പറഞ്ഞത്.

പിറ്റേന്ന് നഗർഭവിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത് നിന്നും ഒരു കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ നാട്ടുകാർ കണ്ടെത്തി. സുധയും ഈരണ്ണയും സ്ഥലത്തെത്തി മകളെ തിരിച്ചറിഞ്ഞു.

എന്നാൽ, സുധയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ സുധ കുറ്റസമ്മതം നടത്തുകയുമായിരുന്നു. മകൾക്ക് തന്നെക്കാൾ ഇഷ്ടം ഈരണ്ണയെ ആയിരുന്നുവെന്നും തന്റെ ജോലിസ്ഥലത്ത് നടക്കുന്ന വിവരങ്ങൾ മകൾ ഈരണ്ണയോട് പറയുന്നതിൽ ദേഷ്യമുണ്ടായിരുന്നുവെന്നും സുധ പൊലീസിനോട് പറഞ്ഞു.