covid

വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് വ്യാപനം അതിഭീകരമായി വർദ്ധിക്കുന്നുവെന്ന് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷന്റെ (പാഹോ) മുന്നറിയിപ്പ്. ലോകത്തിലെ കൊവിഡ് മരണങ്ങളിൽ പകുതിയിലേറെയും അമേരിക്കയിലാണെന്നും പാഹോ ഡയറക്ടർ കാരിസ എറ്റിയൻ അറിയിച്ചു. അമേരിക്ക, ബ്രസീൽ, അർജന്റീന എന്നിവയടക്കമുള്ള പത്ത് രാജ്യങ്ങളിലാണ് കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും കാരിസ പറഞ്ഞു. പാഹോയുടെ റിപ്പോർട്ട് പ്രകാരം ദക്ഷിണ അമേരിക്കയിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവുണ്ട്. ബൊളീവിയ, കൊളംബിയ എന്നിവിടങ്ങളിലെ സ്ഥിതിയാണ് ഏറ്റവും രൂക്ഷം. കഴിഞ്ഞ ആഴ്ചയിൽ മാത്രം 1.3 ദശലക്ഷം കേസുകളും 37,000 മരണവുമാണ് ഈ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തത്.

ഗ്വാട്ടിമല, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ ജനസംഖ്യയുടെ ഒരു ശതമാനം പേർക്ക് മാത്രം വാക്സിൻ നൽകിയതിൽ പാഹോ ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ സംവിധാനങ്ങളിലെ ലഭ്യതക്കുറവടക്കമുള്ള ഘടകങ്ങൾ മൂന്നാം ലോക രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും ഇവിടങ്ങളിൽ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ ലോകരാജ്യങ്ങൾ സഹായിക്കണമെന്നും പാഹോ കൂട്ടിച്ചേർത്തു.