farm

 ഒന്നരക്കോടി ടൺ കടന്ന് അരി കയറ്റുമതി

കൊച്ചി: കൊവിഡിൽ വിതരണശൃംഖലയിൽ തടസങ്ങളുണ്ടായെങ്കിലും പ്രതിസന്ധികളെ തട്ടിയകറ്റി ഇന്ത്യയിൽ നിന്നുള്ള കാർഷികോത്പന്ന കയറ്റുമതി നേടിയത് മികച്ച നേട്ടം. അഗ്രികൾച്ചറൽ ആൻഡ് പ്രോസസഡ് ഫുഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (അപെഡ) കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) ഏപ്രിൽ-ഫെബ്രുവരിയിൽ 1,750 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് ലഭിച്ചത്. മുൻവർഷത്തെ സമാനകാലത്ത് വരുമാനം 1,450 കോടി ഡോളറായിരുന്നു.

രൂപക്കണക്കിൽ, കയറ്റുമതി 26 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 1.03 ലക്ഷം കോടി രൂപയിൽ നിന്ന് 1.30 ലക്ഷം കോടി രൂപയായാണ് കുതിപ്പ്. ബസുമതി അരി, ബസുമതി ഇതര അരി, നിലക്കടല, പയറുകൾ, ക്ഷീരോത്പന്നങ്ങൾ, പഴം, പച്ചക്കറികൾ എന്നിവയ്ക്കാണ് വിദേശത്തുനിന്ന് മികച്ച ഡിമാൻഡ് ലഭിച്ചത്. അതേസമയം ഇറച്ചി കയറ്റുമതി കുത്തനെ കുറഞ്ഞു. പോത്തിറച്ചി, മട്ടൻ, സംസ്‌കരിച്ച ഇറച്ചി, കോഴി, താറാവ് എന്നിവയുടെ കയറ്റുമതി മൂല്യവും കയറ്റുമതി അളവും കുറഞ്ഞു. പ്രമുഖ വിപണിയായ അമേരിക്കയിൽ നിന്നുൾപ്പെടെ ഇവയ്ക്ക് ഡിമാൻഡ് ഇടിഞ്ഞത് തിരിച്ചടിയായി. ക്ഷീരോത്‌പന്നങ്ങളുടെ കയറ്റുമതി 11 ശതമാനം ഉയർന്ന് 28.50 കോടി ഡോളറിലെത്തി.

നേട്ടം വിതച്ച് ധാന്യങ്ങൾ

കഴിഞ്ഞ ഏപ്രിൽ-ഫെബ്രുവരിയിൽ ഏറ്റവും ഉയർന്ന കയറ്റുമതി നേടിയത് ഭക്ഷ്യധാന്യങ്ങളാണ്. പഴം, പച്ചക്കറി എന്നിവ തൊട്ടുപിന്നാലെയുമുണ്ട്. 592 കോടി ഡോളറിൽ നിന്ന് 875 കോടി ഡോളറിലേക്കാണ് ധാന്യ കയറ്റുമതി കൂടിയത്; വർദ്ധന 48 ശതമാനം. രൂപക്കണക്കിൽ വരുമാനക്കുതിപ്പ് 42,202 കോടി രൂപയിൽ നിന്ന് 64,952 കോടി രൂപയായി; വർദ്ധന 54 ശതമാനം.

അരിയാണ് താരം

84 ലക്ഷം ടണ്ണിൽ നിന്ന് അരി കയറ്റുമതി ഒന്നരക്കോടി ടണ്ണായി ഉയർന്നു. ബസുമതി ഇതര അരിയുടെ കയറ്റുമതി വർദ്ധിച്ചത് 45.7 ലക്ഷം ടണ്ണിൽ നിന്ന് 1.10 കോടി ടണ്ണിലേക്ക്. ബംഗ്ളാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് മികച്ച ഓർഡറുകൾ കിട്ടിയതോടെ, ഗോതമ്പ് കയറ്റുമതി ആറുമടങ്ങ് ഉയർന്ന് 17 ലക്ഷം ടണ്ണിലെത്തി.

ഇറച്ചിക്ക് പ്രിയമില്ല

പോത്തിറച്ചി കയറ്റുമതി അളവ് ഏപ്രിൽ-ഫെബ്രുവരിയിൽ 10.8 ലക്ഷം ടണ്ണിൽ നിന്ന് 9.8 ലക്ഷം ടണ്ണായും മൂല്യം 298.6 കോടി ഡോളറിൽ നിന്ന് 287.9 കോടി ഡോളറായും കുറഞ്ഞു.