ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച വനിതാ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽസജന സജീവൻ നയിച്ച കെ.സി.എ സഫയറിന് കിരീടം. ഫൈനലിൽ കെ.സി.എ റൂബി ടീമിനെ ആറു വിക്കറ്റിനാണ് സഫയർ തകർത്തത്. കെ.സി.എ പിങ്ക് ട്വന്റി-20 ചാലഞ്ചേഴ്സ് എന്നു പേരിട്ട പ്രഥമ ടൂർണമെന്റിന്റെ കലാശക്കളിയിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ റൂബി ടീമിനെ 19.3 ഓവറിൽ 55 റൺസിന് ഓൾഔട്ടാക്കിയ സഫയർ വിജയ ലക്ഷ്യം 13.2 ഓവറിൽ നാലുവിക്കറ്റ് മാത്രം നഷ്ടത്തിൽ അടിച്ചെടുത്തു. അഞ്ചു റൺസ് മാത്രം വിട്ടുകൊടുത്ത് എതിരാളികളുടെ മൂന്ന് വിക്കറ്റ് പിഴുത സജന 25 പന്തിൽ 21 റൺസെടുത്ത് ബാറ്റിംഗിലും തിളങ്ങി. സജനയാണ് പ്ളെയർ ഓഫ് ദ മാച്ച്.