ബീജിംഗ്: വിവാഹ ദിവസമാണ് തന്റെ പുത്രവധുവിനെ ആ അമ്മ ആദ്യമായി കാണുന്നത്. കണ്ട മാത്രയിൽ തന്നെ അമ്മയ്ക്ക് അവളെ ചേർത്തണയ്ക്കണമെന്ന് തോന്നി. ഒടുവിൽ, അമ്മ മനസിലാക്കി മകൻ വിവാഹം ചെയ്യാൻ പോകുന്നത് വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ തന്റെ മകളെയാണെന്ന്. ചൈനയിലെ ജിയാങ്സൂ പ്രവിശ്യയിലുള്ള സൂചോയിലാണ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുമായി സംഭവം അരങ്ങേറിയത്.
മാർച്ച് 31 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. യുവതിയുടെ കയ്യിൽ കണ്ട പാടാണ് അമ്മയ്ക്ക് സംശയമുണ്ടാകാൻ കാരണമായത്. ഇരുപത് വർഷം മുമ്പ് നഷ്ടമായ മകളുടെ കയ്യിലും സമാനമായ പാട് ഉണ്ടായിരുന്നു.
യുവതിയുടെ കയ്യിലെ പാട് കണ്ടതോടെ പെൺകുട്ടിയുടെ മാതാപിതാക്കളോട് അവളെ അവർ ദത്തെടുത്തതാണോ എന്ന് വരന്റെ അമ്മ തിരക്കി. യുവതിയെ ദത്തെടുത്ത വിവരം ഇരുവരും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
എന്നാൽ കാര്യമറിഞ്ഞതോടെ ഇരുപത് വർഷം മുമ്പ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ തങ്ങൾ വളർത്തുകയായിരുന്നു എന്ന് അവർ വെളിപ്പെടുത്തി.അമ്മയെ കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും, സഹോദരനെ വിവാഹം കഴിക്കാനാൻ തീരുമാനിച്ചതിലുള്ള ദുഃഖം യുവതിയ്ക്ക് അടക്കാനായില്ല.
എന്നാൽ, യുവാവിനെ താൻ ദത്തെടുത്തതാണെന്നും ഇരുവരും രക്തബന്ധമുള്ള സഹോദരങ്ങൾ അല്ലെന്നും അമ്മ വെളിപ്പെടുത്തി. അങ്ങനെ വിവാഹവും മംഗളമായി നടന്നു.
മകളെ നഷ്ടമായതോടെയാണ് ആൺകുട്ടിയെ ദത്തെടുത്തതെന്ന് അമ്മ പറയുന്നു.
മകളെ കുറിച്ച് വർഷങ്ങളോളം അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്ന് കരുതിയ മകളെ മകന്റെ വധുവിന്റെ വേഷത്തിൽ കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു.