കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഐ.പി.എൽ 14-ാം സീസണിന് ഇന്ന് തുടക്കം
ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ നേരിടുന്നു
ചെന്നൈ : രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗം ഉയർത്തുന്ന ആശങ്കകൾക്കിടയിലും ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ (ഐ.പി.എൽ)14-ാം സീസണിന് ഇന്ന് കൊടിയേറ്റം. ഇന്ന് രാത്രി 7.30ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻന്മാരായ മുംബയ് ഇന്ത്യൻസും ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും ഏറ്റുമുട്ടും.
കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ബയോ സെക്യുവർ ബബിളിൽ ആറ് വേദികളിലായാണ് ഇക്കുറി എട്ടു ടീമുകളടങ്ങുന്ന ടൂർണമെന്റ് നടത്തുന്നത്. ചെന്നൈ,മുംബയ്,ന്യൂഡൽഹി,ബെംഗളുരു ,അഹമ്മദാബാദ്, കൊൽക്കത്ത എന്നിവയാണ് മത്സര വേദികൾ. ടീമുകൾക്ക് സ്റ്റേഡിയങ്ങളിലേക്കുള്ള യാത്ര പരമാവധി കുറഞ്ഞിരിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ കാണികളെ പ്രവേശിപ്പിക്കുന്നില്ല. മേയ് 30ന് അഹമ്മദാബാദിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ കൊവിഡിനെ ഭയന്ന് കടൽ കടന്ന ടൂർണമെന്റ് ഇക്കുറി ഇന്ത്യയിൽത്തന്നെ നടത്താൻ നേരത്തേ തന്നെ ബി.സി.സി.ഐ തീരുമാനിച്ചിരുന്നു. എന്നാൽ അപ്പോൾ അൽപ്പം ശമിച്ചിരുന്ന മഹാമാരി ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ വീണ്ടും കരുത്താർജ്ജിക്കുകയായിരുന്നു. നാല് കളിക്കാർ ഉൾപ്പടെ ടൂർണമന്റുമായി ബന്ധപ്പെട്ട നിരവധിപ്പേർ വൈറസ് ബാധിതരായത് സംഘാടകരുടെ മനസംഘർഷം കൂട്ടിയിട്ടുണ്ട്.
ഡൽഹി ക്യാപ്പിറ്റൽസ് ടീമിലെ അക്ഷർ പട്ടേൽ,കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലെ നിതീഷ് റാണ,ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിലെ ദേവ്ദത്ത് പടിക്കൽ,ഡാനിയേൽ സാംസ് എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ദേവ്ദത്ത് നെഗറ്റീവായി ടീമിനൊപ്പം ചേർന്നപ്പോഴാണ് സാംസ് പോസിറ്റീവായത്. മത്സരവേദികളിലൊന്നായ മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലെ നിരവധി ഗ്രൗണ്ട്സ്മാന്മാർക്കും മറ്റ് സ്റ്റാഫുകൾക്കും ടൂർണമെന്റിന്റെ ഇവന്റ് മാനേജ്മെന്റ് ടീമംഗങ്ങൾക്കും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. അതേസമയം കളിക്കാരും മാച്ച് ഒഫിഷ്യൽസും സ്റ്റാഫുകളുമൊക്കെ വ്യത്യസ്ത ബയോ സെക്യുവർ ബബിളിലായതിനാൽ പ്രശ്നമാവില്ലെന്ന കണക്കുകൂട്ടലിലാണ് ബി.സി.സി.ഐ. എന്നാൽ പല നഗരങ്ങളിലും വീണ്ടും ലോക്ക്ഡൗൺ വന്നേക്കുമെന്ന ഭീഷണി ആശങ്കയേറ്റുന്നുണ്ട്.
8
ടീമുകളാണ് ഇക്കുറിയും ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
6
വേദികളാണ് ടൂർണമെന്റിനുള്ളത്. ഇവയിൽ എവിടെയെങ്കിലും തടസം നേരിട്ടാൽ ഹൈദരാബാദ്, ഇൻഡോർ എന്നീ വേദികൾ പകരത്തിന് ഉപയോഗിക്കാൻ സജ്ജമാണ്.
45,800
കോടി രൂപയുടെ കച്ചവടമാണ് യു.എ.ഇയിൽ നടന്ന കഴിഞ്ഞ സീസൺ ഐ.പി.എല്ലിലുണ്ടായത്. 2019നെക്കാൾ 1700 കോടി രൂപയുടെ കുറവാണിത്.
4000
കോടിയുടെ വരുമാനമാണ് കഴിഞ്ഞ ഐ.പി.എൽ ബി.സി.സി.ഐക്ക് മാത്രം നൽകിയത്. ഇത്തവണ ബിസിസിഐ പ്രതീക്ഷിക്കുന്നത് 4500 കോടി രൂപയാണ്.
2600
കോടി രൂപയാണ് ചാനൽ സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ നെറ്റ്വർക്ക് കഴിഞ്ഞ സീസണിലുണ്ടാക്കിയത് .
ടീമുകൾ
മുംബയ് ഇന്ത്യൻസ്
ക്യാപ്ടൻ : രോഹിത് ശർമ്മ
പ്രധാന താരങ്ങൾ : കെയ്റോൺ പൊള്ളാഡ്,ഹാർദിക് പാണ്ഡ്യ,ക്രുനാൽ പാണ്ഡ്യ,സൂര്യകുമാർ യാദവ്,സൗരഭ് തിവാരി,ക്രിസ് ലിൻ,ജെയിംസ് നീഷം,ക്വിന്റൺ ഡി കോക്ക് ,ഇശാൻ കിഷൻ,ട്രെന്റ് ബൗൾട്ട്,രാഹുൽ ചഹർ,ജസ്പ്രീത് ബുംറ.
സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ ആദ്യമായി മുംബയ് ടീമിലുണ്ട്.
ഏറ്റവും കൂടുതൽ തവണ (5) കിരീടം നേടിയ ടീമാണ് മുംബയ് ഇന്ത്യൻസ്. നിലവിലെ ചാമ്പ്യന്മാർ.
2013,2015,2017,2019,2020 വർഷങ്ങളിലാണ് ജേതാക്കളായത്.
കോച്ച് : മഹേല ജയവർദ്ധനെ
ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്
ഇതുവരെ കിരീടം നേടാൻ കഴിയാത്ത ടീമാണ് വിരാട് കൊഹ്ലിയുടേത്
നായകൻ : വിരാട് കൊഹ്ലി
പ്രധാന താരങ്ങൾ : ഡിവില്ലിയേഴ്സ്,ദേവ്ദത്ത്,ഫിൻ അല്ലെൻ,ജോഷ് ഫിലിപ്പ്,മാക്സ്വെൽ ,ജാമീസൺ, മുഹമ്മദ് സിറാജ്,നവ്ദീപ് സെയ്നി,കേൻ റിച്ചാർഡ്സൺ,ഹർഷൽ പട്ടേൽ ,ചഹൽ,ആദം സാംപ, വാഷിംഗ്ടൺ സുന്ദർ, ഷഹ്ബാസ് നദീം
മലയാളിത്തിളക്കം : എടപ്പാളുകാരനായ ദേവ്ദത്താണ് പ്രധാന മലയാളിത്തിളക്കം. സെയ്ദ് മുഷ്താഖ് ട്രോഫിയിൽ കേരളത്തിന് വേണ്ടി ട്വന്റി-20 ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനായി ചരിത്രം കുറിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീനുംകേരളത്തിന്റെ രഞ്ജി ക്യാപ്ടനായിരുന്ന സച്ചിൻ ബേബിയും വിരാടിന്റെ സംഘാംഗമാണ്.
കോച്ച് : സൈമൺ കാറ്റിച്ച്
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
ക്യാപ്ടൻ :ഇയോൻ മോർഗൻ
പ്രധാന താരങ്ങൾ :
ആന്ദ്രേ റസൽ,സുനിൽ നരെയ്ൻ,പാറ്റ് കമ്മിൻസ്,ശുഭ്മാൻ ഗിൽ,നിതീഷ് റാണ, രാഹുൽ ത്രിപാതി,കമലേഷ് നാഗർകോട്ടി,ദിനേഷ് കാർത്തിക്,ടിം സീഫർട്ട്,ഹർഭജൻ സിംഗ്,കുൽദീപ് യാദവ്,പ്രസിദ്ധ് കൃഷ്ണ,വരുൺ ചക്രവർത്തി ലോക്കീ ഫെർഗൂസൻ.
മലയാളിത്തിളക്കം
പേസർ സന്ദീപ് വാര്യർ 2019 മുതൽ കൊൽക്കത്താ നിരയിലുണ്ട്. മറുനാടൻ മലയാളിയായ കരുൺ നായരും ഈ സീസണിൽ ഒപ്പമെത്തിയിട്ടുണ്ട്.
കോച്ച് : ബ്രണ്ടൻ മക്കല്ലം
രണ്ട് തവണ കിരീടം നേടിയിട്ടുള്ളവരാണ് നൈറ്റ് റൈഡേഴ്സ്.2012,2014 വർഷങ്ങളിലായിരുന്നു കിരീടധാരണം
ഡൽഹി ക്യാപിറ്റൽസ്
ക്യാപ്ടൻ : ഋഷഭ് പന്ത്,
പ്രധാന താരങ്ങൾ : ടോം കറാൻ,സ്റ്റീവ് സ്മിത്ത് ,ശിഖർ ധവാൻ,അജിങ്ക്യ രഹാനെ, സാം ബില്ലിംഗ്സ് ,ഉമേഷ് യാദവ് , ഇശാന്ത് ശർമ്മ,അക്ഷർ പട്ടേൽ,പൃഥ്വി ഷാ,മാർക്കസ് സ്റ്റോയ്നിസ്.
കോച്ച് : റിക്കി പോണ്ടിംഗ്
മലയാളിത്തിളക്കം
വെടിക്കെട്ട് ബാറ്റ്സ്മാൻ വിഷ്ണു വിനോദാണ് ടീമിലെ മലയാളി. വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച വിഷ്ണുവിനെ 20 ലക്ഷത്തിനാണ് ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
പരിക്ക് കാരണമുള്ള ശ്രേയസ് അയ്യരുടെ പിൻമാറ്റം ക്യാപിറ്റൽസിനെ ഞെട്ടിച്ചെങ്കിലും അത് മറികടക്കാനുള്ള കരുത്തുണ്ട് റിക്കി പോണ്ടിംഗ് പരിശീലിപ്പിക്കുന്ന ടീമിന്.
പഞ്ചാബ് കിംഗ്സ്
ക്യാപ്ടൻ : കെ.എൽ രാഹുൽ
പ്രധാന താരങ്ങൾ : മായാങ്ക് അഗർവാൾ,ഡേവിഡ് മലാൻ, നിക്കോളാസ് പുരാൻ,ക്രിസ് ഗെയ്ൽ,മൻദീപ് സിംഗ്,മുഹമ്മദ് ഷമി,ക്രിസ് യോർദാൻ,രവി ബിഷ്ണോയ് ,മുരുഗൻ അശ്വിൻ
കോച്ച് : അനിൽ കുംബ്ളെ
പേരിൽ നിന്ന് ഇലവൻ കളഞ്ഞ് പഞ്ചാബ് കിംഗ്സ് ആയാണ് രാഹുലും സംഘവും ഇത്തവണ ഇറങ്ങുന്നത്.
രാജസ്ഥാൻ റോയൽസ്
മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് ഈ സീസണിൽ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്.
മറ്റ് പ്രധാന താരങ്ങൾ : ബെൻ സ്റ്റോക്സ്,ഡേവിഡ് മില്ലർ,യശ്വസി ജയ്സ്വാൾ,ക്രിസ് മോറിസ്,ശിവം ദുബെ,ജോസ് ബട്ട്ലർ,പ്രിയം ഗാർഗ്,രാഹുൽ തെവാത്തിയ,കുൽദീപ് യാദവ്,കാർത്തിക് ത്യാഗി,മുസ്താഫിസുർ റഹ്മാൻ.
കുമാർ സംഗക്കാര,ഷേൻ വാൺ എന്നിവരുടെ ശിക്ഷണത്തിന് കീഴിലാണ് റോയൽസ് ഇക്കുറി ഒരുങ്ങുന്നത്.
പരിക്കേറ്റ ജൊഫ്ര ആർച്ചർ ആദ്യ മത്സരങ്ങളിൽ ഉണ്ടാവില്ല.
ചെന്നൈ സൂപ്പർ കിംഗ്സ്
ക്യാപ്ടൻ : എം.എസ് ധോണി
പ്രധാന താരങ്ങൾ : സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, റോബിൻ ഉത്തപ്പ,ലുംഗി എൻഗിഡി,ശാർദ്ദൂൽ താക്കൂർ,റിതുരാജ് ഗേയ്ക്ക്വാദ്,ഡ്വെയ്ൻ ബ്രാവോ,ഡുപ്ളെസി,ജോഷ് ഹേസൽവുഡ്,മൊയീൻ അലി,കേദാർ യാദവ്, പരിശീലകൻ :
സ്റ്റീഫൻ ഫ്ളെമിംഗ്
മലയാളിത്തിളക്കം : കെ.എം ആസിഫ്
പരിശീലകൻ : സ്റ്റീഫൻ ഫ്ളെമിംഗ്
കഴിഞ്ഞ സീസണിലെ കനത്ത നാണക്കേടിൽ നിന്ന് ഉയിർത്തെണീക്കാനുള്ള ശ്രമത്തിലാണ് ചെന്നൈ.കളിച്ച സീസണുകളിൽ പ്ളേ ഒാഫിലേക്ക് എത്താത്ത ഏക എഡിഷനായിരുന്നു യു.എ.ഇയിലേത്.
സൺറൈസേഴ്സ് ഹൈദരാബാദ്
ക്യാപ്ൻ : ഡേവിഡ് വാർണർ
മറ്റ് പ്രധാന താരങ്ങൾ : കേൻ വില്യംസൺ,ജോണി ബെയർസ്റ്റോ,ജാസൺ ഹോൾഡർ,നടരാജൻ,ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ,മനീഷ് പാണ്ഡെ,കേദാർ യാദവ്,പ്രിയം ഗാർഗ്,അബ്ദുൽ സമദ്,മുഹമ്മദ് നബി,വിജയ്ശങ്കർ,സാഹ,മുജീബ് റഹ്മാൻ,ഖലീൽ അഹമ്മദ്,സിദ്ധാർത്ഥ് കൗൾ.
മലയാളിത്തിളക്കം
പേസർ ബേസിൽ തമ്പി ഇക്കുറിയും സൺറൈസേഴ്സ് സംഘത്തിെനാപ്പമുണ്ട്.
പരിശീലകൻ : ട്രെവോർ ബെയ്ലിസ്