ബ്രസൽസ്:യൂറോപ്യൻ യൂണിയൻ പ്രതിനിധികളും തുർക്കി പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലെയ്നിനു ഇരിപ്പിടം നിഷേധിച്ച തുർക്കിയുടെ നടപടി വിവാദത്തിൽ. തുർക്കി പ്രസിഡന്റ് റെജിബ് തയിബ് എർദൊഗാനും ഇ.യു പ്രതിനിധികളായി ഉർസുലയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിളുമാണ് അങ്കാരയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. എർദൊഗാനു സമീപം ഒരു കസേര മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ ചാൾസ് ഇരുന്നതോടെ ഉർസുലയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടു.പിന്നീട് സമീപമുള്ള സോഫയിൽ ഉർസുലയ്ക്ക് ഇരിപ്പിടമൊരുക്കി. പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിലും യോഗം തുടരട്ടെ എന്നായിരുന്നു ഉർസുലയുടെ തീരുമാനം. മൈക്കളും എർദൊഗാനും ചർച്ച തുടങ്ങിയപ്പോഴും അത്ഭുതവും നിരാശയും പ്രകടിപ്പിച്ചുകൊണ്ട് ഉർസുലയ്ക്ക് നോക്കിനിൽക്കേണ്ടിവന്നു. രണ്ടര മണിക്കൂറാണു ചർച്ച നീണ്ടുനിന്നത്. ഈ സമയമത്രയും രണ്ടും നേതാക്കളും ദീർഘ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ ദൂരെ മാറിയിരുന്ന് സാക്ഷിയാകാൻ മാത്രമായിരുന്നു ഉർസുലയുടെ നിയോഗം.തുർക്കി പ്രസിഡന്റിനും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റിനും ഒരുക്കിയതു പോലെ തന്നെയുള്ള ഇരിപ്പിടം യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റിനും ഒരുക്കേണ്ടതായിരുന്നെന്ന് ഉർസുലയുടെ വക്താവ് എറിക് മാമർ പറഞ്ഞു.എർദോഗനും ചാൾസ് മൈക്കിളിനുമെതിരെ കടുത്ത വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. പ്രോട്ടോക്കോൾ കർശനമായി പാലിച്ചതിനാലാണ് ഇതു സംഭവിച്ചതെന്ന് ചാൾസ് മൈക്കിളിന്റെ വക്താവ് അറിയിച്ചു. യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിച്ച് തുല്യ പദവിയിലുള്ള രണ്ടു പേരുണ്ടായിട്ടും ഒരു കസേരമാത്രമിട്ടത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് യൂണിയൻ വക്താക്കൾ അറിയിച്ചു.എന്തായാലും ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകരുതെന്ന് തന്റെ പ്രോട്ടോക്കോൾ ടീമിന് ഉർസുല കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.തുർക്കി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.