
ഒരു മാസത്തിലേറെ വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് താഴ്‌ത്തിയും നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊവിഡിന്റെ താണ്‌ഡവം ഉച്ചസ്ഥായിയിൽ എത്തിച്ചുകഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാത്ത ഇവർക്കെതിരെ നടപടി എടുക്കാതെ തദ്ദേശ തിരഞ്ഞെടുപ്പു കാലത്തെ കർശന നടപടികളിൽ മാറ്റം വരുത്തി രാത്രി ഏഴുവരെ കലാശക്കൊട്ടിനും റോഡ് ഷോയ്‌ക്കും വരെ അനുമതി നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷനെയും കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ പ്രതിസ്ഥാനത്തു നിറുത്തുകയാണ് തിരഞ്ഞടുപ്പിന്റെ പേരിൽ അരങ്ങേറിയ സകല പേക്കൂത്തുകൾക്കും സാക്ഷിയായ നാട്ടുകാർ.
കൊവിഡ് കണക്കിലെടുത്ത് കലാശക്കൊട്ട് ഉപേക്ഷിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും രാത്രി ഏഴുവരെ പേക്കൂത്തുകൾക്ക് സമയം നീട്ടി നൽകി. ആൾക്കൂട്ടം ഒഴിവാക്കിയില്ലെങ്കിൽ ക്രിമിനൽ കേസ് എടുക്കുമെന്ന് മുന്നറിയിപ്പു നൽകിയെങ്കിലും കമ്മിഷന്റെ അന്ത്യശാസനത്തിന് പുല്ലുവിലയാണ് രാഷ്ടീയ പാർട്ടിക്കാർ നൽകിയത്.
ഇരുചക്ര വാഹനം നിരോധിച്ചപ്പോൾ നിരവധി ഫോർവീലറുകളുടെ അകമ്പടിയിൽ വലിയ ആൾക്കൂട്ടത്തോടെ തന്നെയാണ് കലാശക്കൊട്ട് എല്ലാ മുന്നണികളും നടത്തിയത്. ഇരുചക്രവാഹനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മിക്ക സ്ഥാനാർത്ഥികളും പൊലീസിന്റെ കണ്ണുവെട്ടിച്ച് മണ്ഡലത്തിലെ ഊടുവഴികളിലൂടെ ഇരുചക്രവാഹനമോടിച്ച് പ്രചാരണം കൊഴുപ്പിച്ചു. കൊട്ടിക്കലാശം നിരോധിച്ചെങ്കിലും റോഡ് ഷോ എന്തുകൊണ്ടോ നിരോധിച്ചില്ല. അവസാന ദിവസം മിക്ക നേതാക്കളും മാസ്‌ക് ഊരിയുള്ള റോഡ് ഷോയാണ് കേരളം മുഴുവൻ നടത്തിയത്. രാഹുൽ ഗാന്ധിയും അമിത്ഷായും വരെ മാസ്‌ക് ധരിക്കാതെയാണ് റോഡ് ഷോയിൽ പങ്കെടുത്തത് . പ്രിയങ്ക ഗാന്ധി വന്നപ്പോഴും മാസ്‌ക് ധരിച്ചിരുന്നില്ല. സാധാരണക്കാർ മാസ്‌ക് താടിയിലേക്ക് താഴ്‌ത്തിയാൽ പൊലീസ് പിഴയിടും. എന്നാൽ കേരളത്തിലെ ഒരു നേതാവിനെതിരെയും നടപടി എടുത്തതായി അറിയില്ല. ഏതു ഇസഡ് കാറ്റഗറി നേതാവാണെങ്കിലും മൂക്കു ചെത്തുമെന്ന് പറയാനുള്ള തന്റേടം കമ്മിഷൻ കാണിക്കാതിരുന്നത് എന്തെന്ന് ചോദിക്കുകയാണ് നാട്ടുകാർ.
70 ശതമാനമെങ്കിലും ആർ.ടി.പി.സി ആർ പരിശോധന നടത്തണമെന്ന് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയെങ്കിലും ആന്റിജൻ പരിശോധനയാണ് കേരളത്തിൽ കൂടുതലും നടക്കുന്നത്. ഇക്കാരണത്താൽ കേരളത്തിന്റെ കൊവിഡ് വ്യാപന കണക്കിൽ കൃത്യത ഇല്ലെന്നാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ.
അറുപത് വയസിന് മുകളിലുള്ളവർക്ക് സൗജന്യമായി കൊവിഡ് പ്രതിരോധ വാക്സിൻ നൽകിയിരുന്നു. ഇതുവരെ വാക്സിൻ എടുക്കാത്ത നിരവധി പേരുണ്ട്. നാൽപ്പത്തിയഞ്ചിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണം തുടങ്ങിയിട്ടും പലരും താത്പര്യം കാണിക്കുന്നില്ല. വാക്സിൻ എടുത്താൽ മദ്യപിക്കാമോ, മറ്റു മരുന്നുകൾ കഴിക്കാമോ തുടങ്ങി നാട്ടുകാരുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. രണ്ടാമത്തെ ഡോസ് പ്രതിരോധ കുത്തിവയ്‌പും നടത്തി ഇരുപത്തിയെട്ടു ദിവസത്തിനു ശേഷമേ മദ്യപിക്കാവൂ എന്ന് ചില ഡോക്ടർമാർ പറയുന്നു. നാല് ദിവസം കഴിഞ്ഞാൽ മദ്യപിക്കാമെന്ന് നാട്ടുകാരിൽ ചിലർ. കുത്തിവെയ്‌പിന്റെ രണ്ടാം ഡോസ് ഇരുപത്തിയെട്ട് ദിവസത്തിന് ശേഷമെന്നത് ഒന്നരമാസത്തിന് ശേഷമെന്നാക്കി എന്നും പറയുന്നു . ഒന്നിനും വ്യക്തതയില്ല. ബന്ധപ്പെട്ടവരും ഇക്കാര്യത്തിൽ ഇരുട്ടിൽ തപ്പുകയാണ് .
ആരോഗ്യവകുപ്പ് അധികൃതർക്ക് വ്യക്തതയില്ലെങ്കിൽ പിന്നെ പ്രതിരോധ കുത്തിവെയ്‌പ് എടുക്കാത്തവരെ എങ്ങനെ കുറ്റം പറയാനാവും. മാസ്‌ക് പോലും ധരിക്കാത്ത നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തവർ എങ്ങനെ സാധാരണക്കാരെ ബോധവാന്മാരാക്കും. ആദ്യം " സുബോധം " വേണ്ടത് പരമാധികാരമുള്ള തിരഞ്ഞെടുപ്പ് കമ്മിഷനോ പിന്നെ പൊലീസിനോ അതോ ആരോഗ്യവകുപ്പിനോ എന്നാണ് ആകെ കൺഫ്യൂഷനിലായ നാട്ടുകാരുടെ ചോദ്യം !...